പതിറ്റാണ്ടുകളായി ചർച്ച ചെയ്ത പദ്ധതിയാണ് അഗ്നിപഥ്:അജിത് ഡോവൽ

പതിറ്റാണ്ടുകളായി ചർച്ച ചെയ്ത പദ്ധതിയാണ് അഗ്നിപഥ്:അജിത് ഡോവൽ

   അ​ഗ്നിപഥ് പദ്ധതിയിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറില്ലെന്ന് വ്യക്തമാക്കി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. അങ്ങനെയൊരു ചോദ്യമേ ഉയരുന്നില്ലെന്ന് വാർത്താ ഏജൻസിയായ എഎൻഐയ്ക്കു നൽകിയ അഭിമുഖത്തിൽ ഡോവൽ പറഞ്ഞു.

പുതിയ സംവിധാനം കൂടുതൽ യുവാക്കളും സാങ്കേതിക വിദഗ്ധരുമടങ്ങിയ സൈന്യത്തെ ഉറപ്പാക്കും. ലോകത്തിലെ ഏറ്റവും ചെറുപ്പക്കാരുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എന്നിട്ടും നമ്മുടെ സൈനികരുടെ ശരാശരി പ്രായം ഉയർന്നതാണെന്നും അത് തുടരാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അ​ഗ്നിപഥ് റിക്രൂട്ടിങ് രീതി സൈന്യത്തെ കൂടുതൽ ആധുനികവത്കരിക്കുമെന്നും യുവാക്കളും സാങ്കേതിക വിദഗ്ധരുമടങ്ങിയതാക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടിയാലോചനയില്ലാതെ പ്രഖ്യാപിച്ച പദ്ധതിയല്ല അ​ഗ്നിപഥ്. ഒറ്റരാത്രികൊണ്ട് ഉണ്ടായ തീരുമാനമല്ല. പതിറ്റാണ്ടുകളായി ഇത് ചർച്ച ചെയ്തിരുന്നു.

പക്ഷേ തീരുമാനം എടുക്കാനുള്ള ഇച്ഛാശക്തിയും കഴിവും ഇല്ലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലുള്ള ഒരു നേതാവിന് മാത്രമേ ഇതു സാധിക്കൂവെന്നും ഡോവല്‍ പറഞ്ഞു