ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്ത് പോത്ത്; കാരണം ഇതാണ്
പോത്ത് ഉദ്ഘാടകനായി എത്തിയതിന്റെ ഞെട്ടലിലാണ് നേതാക്കള്‍. രാഷ്ട്രീയ നേതാക്കളും പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങുകള്‍ ഒരു സാധാരണ സംഭവമാണ്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി, ഒരു പോത്തിനെ മുഖ്യാതിഥിയാക്കി എത്തിച്ചാണ് ആള്‍ക്കാര്‍ രാഷ്ട്രിയക്കാരെ ഞെട്ടിച്ചത്. കര്‍ണാടകയിലെ ഗഡാഗ് ജില്ലയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് ഒരു പോത്താണ്. പ്രതിഷേധ ഭാഗമാണെങ്കിലും ഈ അതുല്യ ചടങ്ങിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ബലെഹോസൂര്‍ ഗ്രാമവാസികളുടെ ഏറെ നാളത്തെ ആവശ്യമാണ് ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം. 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച കേന്ദ്രം തകര്‍ന്നു വീഴുകയും ചെയ്തു. ഇതോടെ മഴക്കാലത്ത് ബസ് സര്‍വീസുകളെ ആശ്രയിക്കുന്ന സ്‌കൂള്‍ കുട്ടികള്‍ക്കും കോളജ് വിദ്യാര്‍ഥികള്‍ക്കും കാര്യങ്ങള്‍ കൂടുതല്‍ ദുഷ്‌കരമായി. അധികൃതരോട് നിരന്തരം അഭ്യര്‍ത്ഥന നടത്തിയിട്ടും ഫലമുണ്ടായില്ല. പിന്നാലെയാണ് അധികൃതരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ഇത്തരമൊരു പ്രതിഷേധത്തിലേക്ക് ഗ്രാമീണരെ പ്രേരിപ്പിച്ചത്.