കോട്ടയത്ത് വീണ്ടും ഉരുൾപൊട്ടൽ
കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ കനത്ത മഴയെത്തുടർന്ന് മീനച്ചിൽ താലൂക്കിൽ മൂന്നിലവിൽ ഉരുൾപൊട്ടി. നഗരത്തിൽ വെള്ളം കയറിയ നിലയിലാണ്. ജനവാസ മേഖലയിൽ അല്ല ഉരുൾപൊട്ടിയതെന്നാണ് വിവരം. മേച്ചാൽ തോട് കരകവിഞ്ഞ് ഒഴുകിയതിനെത്തുടർന്നാണ് നഗരത്തിൽ വെള്ളം കയറിയത്. പലരും ബന്ധുവീടുകളിലേക്കും മറ്റും മാറിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.
മുണ്ടക്കയം എരുമേലി ഭാഗങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. പല പ്രദേശങ്ങളിലും വെള്ളം കയറി. ആളപായം ഉണ്ടായതായി റിപ്പോർട്ടില്ല. ജില്ലാ ഭരണകൂടവും ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് ഇടപെടൽ നടത്തിക്കൊണ്ടിരിക്കുന്നു. ജില്ലയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം എരുമേലിയിലും ഉരുൾപൊട്ടലുണ്ടായിരുന്നു.