കൊച്ചിയില്‍ ഉന്നതതലയോഗം ; ലക്ഷ്യം ദിലീപ് 

കൊച്ചിയില്‍ ഉന്നതതലയോഗം ; ലക്ഷ്യം ദിലീപ് 

നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക നീക്കങ്ങളുമായി ക്രൈംബ്രാഞ്ച്. കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ എഡി ജിപി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഉന്നതലയോഗം ചേര്‍ന്നു. ദിലീപിന്റെ ഹര്‍ജി തള്ളിയ പശ്ചാത്തലത്തിലാണ് അന്വേഷണം സംഘത്തിന്റെ തിരക്കിട്ട നീക്കം. അന്വേഷണം തുടരുവാന്‍ കോടതി അനുമതി നല്‍കിയ സാഹചര്യത്തില്‍ ദിലീപ് അടക്കമുള്ള പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുവാനും നീക്കമുണ്ട്. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ പ്രതി ദിലീപിന് തിരിച്ചടി നല്‍കിക്കൊണ്ട് എഫ്ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളിയത് ഇന്നലെയാണ്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹര്‍ജി തള്ളിയത്.
ഇതോടെ വധഗൂഢാലോചന കേസില്‍ ദിലീപിനെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന് തുടരാം. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ആപായപ്പെടുത്താന്‍ ദിലീപും ബന്ധുക്കളും ഗൂഡാലോചന നടത്തിയെന്ന കേസിനെ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവും നടക്കുന്നത്.