മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തി 45000 രൂപ ശമ്പളത്തിൽ പി ശശിക്ക് ഡ്രൈവർ നിയമനം
മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായി പുതുതായി നിയമിക്കപ്പെട്ട സിപിഎം നേതാവ് പി. ശശിക്ക് ഡ്രൈവറെ നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. കണ്ണൂരിലെ സിപിഎം പ്രവർത്തകനായ അഖിലേഷിനെയാണ് ഡ്രൈവറായി നിയമിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയാണ് നിയമനം. പ്രതിമാസം 45,000 രൂപയാണ് ശമ്പളം.
മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ 37 പേരെ നിയമിക്കാമെന്ന് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2021ൽ ഉണ്ടാക്കിയ ചട്ട ഭേദഗതിയുടെ ചുവടു പിടിച്ചാണ് പി. ശശിയുടെ ഡ്രൈവറെക്കൂടി ഉൾപ്പെടുത്തിയിരിക്കുന്നത്. നേരത്തെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ 25 പേരും മുഖ്യമന്ത്രിയുടെ സ്റ്റാഫിൽ 30 പേരും എന്നതായിരുന്നു പരിധി. പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് രണ്ടുവർഷം കഴിയുമ്പോൾ പെൻഷന് അർഹതയുള്ളതിനാൽ, ആ കാലാവധി പൂർത്തിയായ ശേഷം പുതിയ ആളെ ഡ്രൈവറായി നിയമിക്കാനാണ് ധാരണ. നിലവിൽ സംസ്ഥാനത്ത് 1228 പേരാണ് പേഴ്സണൽ സ്റ്റാഫ് പെൻഷൻ വാങ്ങുന്നത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ കാർ യാത്രയുടെ അടിസ്ഥാനത്തിൽ പ്രതിമാസം യാത്രാ ബത്തക്കും ഡ്രൈവർക്ക് അർഹതയുണ്ട്.
ആഭ്യന്തര വകുപ്പിന്റെ ചുമതലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്പൂർണ പരാജയമെന്ന് നിരന്തരം പഴികേൾക്കുന്ന പശ്ചാത്തലത്തിൽ പൊലീസിന്റെ ഏകോപനത്തിനായാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ പി. ശശിക്ക് ചുമതല നൽകിയത്. പൊലീസിന്റെ കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിൽ നേരത്തെയുണ്ടായിരുന്ന പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശന് പരിമിതികളുണ്ടെന്ന വിലയിരുത്തലിനെ തുടർന്നായിരുന്നു ഇ.കെ നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി. ശശിക്ക് അതേ ചുമതല നൽകാൻ തീരുമാനിച്ചത്