സിവിൽ സർവീസിനെ തകർക്കാൻ സർക്കാർ ശ്രമം: രമേശ് ചെന്നിത്തല
തുടര്‍ ഭരണത്തിന്റെ ഹുങ്കില്‍ കേരളത്തിലെ സിവില്‍ സര്‍വീസിനെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. കേരള എന്‍.ജി.ഒ അസോസിയേഷന്‍ സെക്രട്ടേറിയറ്റിലേയ്ക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പത്തിക പ്രതിസന്ധി എന്ന വ്യാജവാര്‍ത്ത പരത്തി ജീവനക്കാരുടെ ശമ്പളം പിടിച്ചെടുക്കാന്‍ ഗൂഢശ്രമം നടത്തുകയാണ്. ബജറ്റില്‍ കിഫ്ബിയുടെ പേരില്‍ നടത്തിയ ഇടപാടുകള്‍ കേന്ദ്ര സര്‍ക്കാര്‍ കയ്യോടെ പിടിച്ചപ്പോള്‍ ജനങ്ങള്‍ക്കു മുമ്പില്‍ നാണം കെട്ടു നില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ക്രമവിരുദ്ധമായി നടത്തിയിട്ടുള്ള ഇടപാടുകള്‍ ബജറ്റില്‍ ഉള്‍പ്പെടുത്താതെ കടമെടുക്കാന്‍ അനുവാദം നല്‍കില്ല എന്നാണ് കേന്ദ്രം വ്യക്തമാക്കിയിട്ടുള്ളത്. കിഫ്ബിയുടെ പേരില്‍ ബജറ്റിനു പുറത്ത് ചെലവും വരുമാനവും കണ്ടെത്തി സമാന്തര ഭരണം നടത്താന്‍ ഒരുങ്ങിയ സര്‍ക്കാരിനുള്ള താക്കീതാണ് ഇത്. സാമ്പത്തിക പ്രതിസന്ധി മറയാക്കി ജീവനക്കാരുടെ ശമ്പളംപിടിച്ചെടുക്കാന്‍ നോക്കിയാല്‍ ശക്തമായ തിരിച്ചടി ഉണ്ടാകും. ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട 8 ശതമാനം ഡിഎ കുടിശ്ശിക നല്‍കാന്‍ തയ്യാറാകാത്തവരാണ് ഇപ്പോള്‍ ശമ്പളം കൂടി പിടിച്ചെടുക്കാന്‍ നടക്കുന്നത്. ലീവ് സറണ്ടര്‍ ആനുകൂല്യം മരവിപ്പിച്ചിട്ട് മൂന്നു വര്‍ഷമായി. എല്‍ഡിഎഫ് ഭരണത്തില്‍ ജീവനക്കാരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെടുകയാണ്. അധികാരത്തിലെത്തി ആറ് വര്‍ഷം കഴിഞ്ഞിട്ടും ജീവനക്കാരുടെ ആരോഗ്യ പദ്ധതിയായ ‘മെഡിസെപ്പ്’യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞിട്ടില്ല. മെഡിസെപ്പിന്റെ പേരിലുള്ള അഴിമതിയിലേയ്ക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.