സിപിഎം പാർട്ടി കോൺഗ്രസ്; കരട് രാഷ്ട്രീയ പ്രമേയത്തിൻമേലുള്ള ചർച്ച ഇന്ന് അവസാനിക്കും
കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസിൽ കരട് രാഷ്ട്രീയ പ്രമേയത്തിൻമേലുള്ള ചർച്ച ഇന്ന് അവസാനിക്കും. ഉച്ചയോടെ ഉയർന്ന അഭിപ്രായങ്ങളിലും നിർദ്ദേശങ്ങളിലും വിമർശനങ്ങളിലും കേന്ദ്ര നേതൃത്വം മറുപടി നൽകും. ബിജെപി വിരുദ്ധ ബദൽ എങ്ങനെ വേണം അതിൽ കോൺഗ്രസിൻ്റെ പങ്ക് എന്നിവയിലടക്കം പാർട്ടി കോൺഗ്രസ് അന്തിമ തീരുമാനമെടുക്കും. കോൺഗ്രസിനെ വിശ്വസിക്കാൻ ആവില്ലെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ നിലപാട്. ഉച്ചക്ക് ശേഷം പ്രകാശ് കാരാട്ട് സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും.
കോൺഗ്രസ് സഹകരണത്തിനെതിരാണ് കേരള ഘടകത്തിന്റെ നിലപാട്. സെമിനാറിനു വിളിച്ചാൽ പോലും രാഷ്ട്രീയം കളിക്കുന്നവരുമായി എന്തിന് സഹകരണമെന്ന് പൊതു ചർച്ചയിൽ പി രാജീവ് ചോദിച്ചത്. കോൺഗ്രസിന്റെ പിറകെ നടന്ന് സമയം കളയരുതെന്നും കേരളഘടകം ആവശ്യപ്പെട്ടു. പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ എതിർക്കുന്ന നയത്തിൽ മാറ്റമില്ലെന്ന് ബംഗാൾ ഘടകവും വ്യക്തമാക്കിയിട്ടുണ്ട്.
വിശാല മതേതര ജനാധിപത്യ മുന്നണി എന്ന നിർദ്ദേശമാണ് പാർട്ടി കോൺഗ്രസ് ഉദ്ഘാടനം ചെയ്ത് കൊണ്ട് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മുന്നോട്ടു വച്ചത്. എന്നാൽ അതിനു തടസ്സമാകുന്ന നിലപാടാണ് പ്രധാന സംസ്ഥാന ഘടകങ്ങൾ സ്വീകരിക്കുന്നത്. കേരളത്തിൽ നിന്ന് ആദ്യം ചർച്ചയിൽ പങ്കെടുത്ത പി രാജീവ് കോൺഗ്രസ് സഹകരണം ചർച്ച ചെയ്ത് സമയം പാഴേക്കേണ്ടതുണ്ടോ എന്ന ചോദ്യം ഉന്നയിച്ചു. പാർട്ടി കോൺഗ്രസിന്റെ സെമിനാറിൽ പങ്കെടുക്കാൻ ശശി തരൂരിനെയും പിന്നീട് കെവി തോമസിനെയും ക്ഷണിച്ച കാര്യം രാജീവ് ചൂണ്ടിക്കാട്ടി. സെമിനാറിൽ പങ്കെടുക്കരുതെന്ന് സോണിയ ഗാന്ധിയാണ് നേതാക്കൾക്ക് നിർദ്ദേശം നൽകിയത്. അങ്ങനെയുള്ള പാർട്ടിയെ വിശാല മതേരര സഖ്യത്തിൽ എന്തിന് പ്രതീക്ഷിക്കണം. ബിജെപിയെ ചെറുക്കാൻ ഇപ്പോൾ കഴിയുന്നത് പ്രാദേശിക പാർട്ടികൾക്കാണ്. ഈ കക്ഷികളെ കൂട്ടിയോജിക്കാനും സ്വന്തം ശക്തി കൂട്ടാനും പാർട്ടിക്കു കഴിയണമെന്നും രാജീവ് പറഞ്ഞു.
പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെയും ബിജെപിയേയും എതിർക്കുന്ന നിലപാടാണ് സംസ്ഥാന ഘടകം പൊതു ചർച്ചയിൽ കൈക്കൊണ്ടത്. തൃണമൂൽ കോൺഗ്രസ് എതിരാളികളെ ഇല്ലാതാക്കുന്ന ഫാസിസ്റ്റ് നയമാണ് സ്വീകരിക്കുന്നതെന്നും ബംഗാൾ ഘടകം ചർച്ചയുടെ തുടക്കത്തിൽ പറഞ്ഞു. കോൺഗ്രസ് ഉൾപ്പെട്ട സഖ്യത്തെ എതിർക്കാത്ത നിലപാടാണ് അതേസമയം തമിഴ്നാട് ഉൾപ്പടെ മറ്റു സംസ്ഥാന ഘടകങ്ങൾ സ്വീകരിച്ചത്.