രാജീവ് വധക്കേസ് പ്രതികളെ മോചിപ്പിക്കാനുള്ള ഉത്തരവിനെതിരെ കോൺഗ്രസ്

രാജീവ് വധക്കേസ് പ്രതികളെ മോചിപ്പിക്കാനുള്ള ഉത്തരവിനെതിരെ കോൺഗ്രസ്

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ മുഴുവന്‍ പ്രതികളെയും ജയിലില്‍ നിന്ന് മോചിപ്പിക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രംഗത്ത്. സുപ്രീംകോടതി ഉത്തരവിനെതിരെ പുന:പരിശോധന ഹര്‍ജി നല്‍കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ശിക്ഷാ കാലയളവിലെ നല്ലനടപ്പ് ഇത്രയും ഗുരുതരമായ കേസില്‍ പരിഗണനാ വിഷയമാകുന്നതെങ്ങനെയെന്ന് കോൺഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വി ചോദിച്ചു. .മറ്റ് കേസുകളിലും നാളെ കോടതി ഇക്കാര്യങ്ങള്‍ മാനദണ്ഡമാക്കുമോ? രാജീവ് ഗാന്ധി വധക്കേസിലെ വിധി ഒരു തരത്തിലും അംഗീകരിക്കാനാകില്ല.തമിഴ്നാട് സര്‍ക്കാരിന്‍റെ നിലപാടായിരുന്നില്ല പരിഗണിക്കേണ്ടിയിരുന്നത്. സുപ്രീം കോടതി മാതൃകാപരമായ നിലപാട് ഉയര്‍ത്തി പിടിക്കണമായിരുന്നു.കോണ്‍ഗ്രസ് നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ്.സാധ്യമായ എല്ലാ വഴികളും ഉപയോഗിച്ച് നിയമപരമായി നേരിടും. ഗാന്ധികുടുംബത്തിന്‍റെയും, തമിഴ്നാട് സര്‍ക്കാരിന്‍റെയും നിലപാടല്ല കോണ്‍ഗ്രസിന്‍റേതെന്നും അദ്ദേഹം പറഞ്ഞു.

കോടതി രാജ്യത്തിന്‍റെ വികാരം മനസിലാക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശും പറഞ്ഞു. സുപ്രീംകോടതിയുടെ തീരുമാനം പൂര്‍ണ്ണമായും തെറ്റാണ് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ നളിനി ഉള്‍പ്പെടെ ആറ് പ്രതികളെ മോചിപ്പിക്കാനാണ് സുപ്രീംകോടതി ഉത്തരവ്. ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്