ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കോൺഗ്രസ് പ്രവർത്തകർ മുന്നിട്ടിറങ്ങണം : കെ.സുധാകരൻ

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കോൺഗ്രസ് പ്രവർത്തകർ മുന്നിട്ടിറങ്ങണം : കെ.സുധാകരൻ

  സംസ്ഥാനത്ത് കനത്ത മഴമൂലം ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ കോൺഗ്രസ് പ്രവർത്തകർ  മുന്നിട്ടിറങ്ങണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി
ആഹ്വാനം ചെയ്തു. ഈ ആപത്ഘട്ടത്തിൽ സഹജീവി സഹാനുഭൂതിയിൽ നിറഞ്ഞ് ഓരോ കോൺഗ്രസ് പ്രവർത്തകനും കർമനിരതനാകണം. ദുരിതമുഖത്ത് കർമനിരതരായി പ്രവർത്തിച്ച വലിയ പാരമ്പര്യമാണ് കോൺഗ്രസിനുള്ളത്. ഗാന്ധിജിയിൽ നിന്നു നാം സ്വായത്തമാക്കിയ അമൂല്യമായ പാരമ്പര്യം ഉയർത്തിപ്പിടിക്കേണ്ട അവസരമാണിത്.മനുഷ്യത്വം മാത്രം മുന്നിൽ കണ്ടുകൊണ്ടു വേണം സേവനരംഗത്തേക്ക് ഇറങ്ങേണ്ടതെന്നും ജാതിയോ മതമോ രാഷ്ട്രീയമോ ഒരു പ്രതിബന്ധവും സൃഷ്ടിക്കാൻ പാടുള്ളതല്ലെന്നും സുധാകരൻ പറഞ്ഞു.
ഡിസിസി ഓഫീസുകളിലും താഴെത്തട്ടിലും കൺട്രോൾ റൂമുകൾ തുറക്കണം. കോൺഗ്രസ് പ്രവർത്തകരെ കൂടാതെ യൂത്ത് കോൺഗ്രസിന്റെയും കെഎസ് യുവിന്റെയും സേവാദളിന്റെയും പ്രവർത്തകർ സജീവമായി രംഗത്തിറങ്ങണം. സഹായം ആവശ്യമുള്ള സ്ഥലങ്ങളിലൊക്കെ കോൺഗ്രസ് പ്രവർത്തകരുടെ ശക്തമായ സാന്നിധ്യം ഉണ്ടാകണം.ജനങ്ങൾക്ക് ആവശ്യമായ മരുന്ന്, ഭക്ഷണം എന്നിവ എത്തിക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിലും രക്ഷാപ്രവർത്തനങ്ങളിലും എല്ലാവരും സജീവ ഭാഗഭാക്കാകണമെന്നും സുധാകരൻ അഭ്യർത്ഥിച്ചു.