മന്ത്രി പദവി വാഗ്ദാനം ചെയ്ത് മൂന്നുകോടി തട്ടാൻ ശ്രമം; ഡൽഹിയിൽ പിടിയിലായ പ്രതികളെ കോഴിക്കോട്ടെത്തിച്ചു

Delhi Duo Brought to Kozhikode in ₹3 Crore Ministerial Scam Targeting MLA

Jul 26, 2026 - 14:38
0
മന്ത്രി പദവി വാഗ്ദാനം ചെയ്ത്  മൂന്നുകോടി തട്ടാൻ ശ്രമം; ഡൽഹിയിൽ പിടിയിലായ പ്രതികളെ കോഴിക്കോട്ടെത്തിച്ചു

കോഴിക്കോട്: എം.എൽ.എ. വിദ്യാ ബാലകൃഷ്ണന് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് മൂന്ന് കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ രണ്ട് പ്രതികളെ അന്വേഷണസംഘം ഡൽഹിയിൽ നിന്ന് കോഴിക്കോട്ടെത്തിച്ചു. ഡൽഹി സ്വദേശികളായ നിതിൻ കുമാറിനെയും ഗൗരവിനെയും ഞായറാഴ്ച പുലർച്ചെയോടെയാണ് കോഴിക്കോട് സൈബർ പോലീസ് സ്റ്റേഷനിലെത്തിച്ചത്.

പ്രതികൾക്ക് വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. ഇരുവരും മുൻപും സമാന തട്ടിപ്പുകേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണെന്നും, രാഷ്ട്രീയ പ്രവർത്തകരെ ലക്ഷ്യമിട്ട് വ്യാജ ഫോൺകോളുകൾ നടത്തി പണം തട്ടുന്ന സംഘത്തിലെ അംഗങ്ങളാണെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മിഷണർ പദം സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡൽഹി-ഉത്തർപ്രദേശ് അതിർത്തിയിൽ നിന്ന് പ്രതികളെ പിടികൂടിയത്. ഡൽഹി സ്വദേശിയായ ഒരാളുടെ നഷ്ടപ്പെട്ട മൊബൈൽഫോൺ ഉപയോഗിച്ചാണ് വിദ്യാ ബാലകൃഷ്ണൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികളെ ബന്ധപ്പെട്ടതെന്നാണ് കണ്ടെത്തൽ. തട്ടിപ്പ് ആസൂത്രണം ചെയ്തത് നിതിൻ കുമാറും ഗൗരവും ചേർന്നാണെന്ന് പോലീസ് പറയുന്നു.

പ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറി "രാജ്കുമാർ" എന്ന വ്യാജപരിചയപ്പെടുത്തലിലൂടെയാണ് ഗൗരവ് വിവിധ എം.പി.മാരെയും എം.എൽ.എ.മാരെയും ഫോണിൽ ബന്ധപ്പെട്ടത്. ഒരാഴ്ചയിലേറെ ഡൽഹിയിൽ ക്യാമ്പ് ചെയ്ത അന്വേഷണസംഘമാണ് പ്രതികളെ കണ്ടെത്തി പിടികൂടിയത്. ഉത്തരേന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന വലിയ സാമ്പത്തിക തട്ടിപ്പു ശൃംഖലയുമായി ഇവർക്ക് ബന്ധമുണ്ടോയെന്ന കാര്യവും പോലീസ് പരിശോധിച്ചുവരികയാണ്.

ജൂലൈ 6-നാണ് കേരളത്തിൽ മന്ത്രിസഭാ പുനഃസംഘടന നടക്കാനിരിക്കുകയാണെന്നും മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിസ്ഥാനമൊരുക്കാമെന്നും പറഞ്ഞ് വിദ്യാ ബാലകൃഷ്ണൻ എം.എൽ.എ.യെ പ്രതികൾ ബന്ധപ്പെട്ടത്. സമാനരീതിയിൽ എം.പി.മാരായ ഷാഫി പറമ്പിൽ, ഡീൻ കുര്യാക്കോസ് എന്നിവരെയും ഡൽഹി, ഒഡീഷ, ഝാർഖണ്ഡ്, രാജസ്ഥാൻ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ നിരവധി എം.പി.മാരെയും എം.എൽ.എ.മാരെയും ഇവർ സമീപിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User