ബിസ്കറ്റ് പാക്ക് തൂക്കിനോക്കിയപ്പോൾ 25 ഗ്രാം കുറവ്; പാർലെ കമ്പനിക്ക് അരലക്ഷം രൂപ പിഴ
Parle Fined ₹50,000 After Biscuit Pack Found 25 Grams Underweight
പാർലെ ബിസ്കറ്റ് കമ്പനിയുടെ 150 ഗ്രാം എന്ന് രേഖപ്പെടുത്തിയ പാക്കറ്റിൽ 125 ഗ്രാം മാത്രമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന്, പാർലെയും വിൽപന നടത്തിയ മെട്രോ ഹൈപ്പർ മാർക്കറ്റും ചേർന്ന് ഉപഭോക്താവിന് 50,000 രൂപ നഷ്ടപരിഹാരം നൽകാൻ കണ്ണൂർ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ഉത്തരവിട്ടു.
അഞ്ചരക്കണ്ടി കല്ലായിയിലെ ടി.പി.ആസിഖ് നൽകിയ പരാതിയിലാണ് കമ്മിഷൻ പ്രസിഡന്റ് രവി സുഷ, അംഗങ്ങളായ മോളിക്കുട്ടി മാത്യു, കെ.പി.സജീഷ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. 2024 ജൂലായ് 26-നാണ് ചക്കരക്കല്ലിലെ മെട്രോ ഹൈപ്പർ മാർക്കറ്റിൽനിന്ന് പരാതിക്കാരൻ 150 ഗ്രാം എന്ന് രേഖപ്പെടുത്തിയ പാർലെ 20-20 ബിസ്കറ്റ് വാങ്ങിയത്. സമീപത്തെ കടയിൽ തൂക്കിയപ്പോൾ 125 ഗ്രാം മാത്രമാണെന്ന് മനസ്സിലായതോടെ കമ്മിഷനെ സമീപിച്ചു.

പരാതിക്കാരൻ ഹാജരാക്കിയ പായ്ക്കറ്റ് തങ്ങൾ നിർമിച്ചതല്ലായിരിക്കാമെന്നും ഉത്പന്നങ്ങൾ പൂർണമായും യന്ത്രസഹായത്തോടെയാണ് നിർമിക്കുന്നതെന്നും പാർലെ വാദിച്ചു. വിറ്റത് പാർലെ കമ്പനിയുടെ ഉത്പന്നമാണെന്ന് മെട്രോ ഹൈപ്പർ മാർക്കറ്റ് സമ്മതിച്ചു. തൂക്കക്കുറവിന്റെ ഉത്തരവാദിത്വം നിർമാതാവിനാണെന്നും നിലപാടെടുത്തു.
രേഖകളും ലീഗൽ മെട്രോളജി റിപ്പോർട്ടും പരിശോധിച്ച കമ്മിഷൻ ഉത്പന്നം പാർലെയുടെതാണെന്നും അളവിൽ കുറവുള്ള ഉത്പന്നം വിറ്റത് വീഴ്ചയാണെന്നും വിലയിരുത്തി. വിൽപ്പനക്കാരനും ഒഴിഞ്ഞുമാറാനാകില്ലെന്നും നിരീക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പാർലെ 25,000 രൂപയും മെട്രോ ഹൈപ്പർ മാർക്കറ്റ് 10,000 രൂപയും നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു.കമ്പനി 10,000 രൂപയും ഹൈപ്പർമാർക്കറ്റ് 5000 രൂപയും കോടതിച്ചെലവായും നൽകണം. ഉത്തരവിന്റെ പകർപ്പ് ലഭിച്ച് ഒരുമാസത്തിനകം തുക നൽകണം.ഇല്ലെങ്കിൽ ഉത്തരവിട്ട തീയതി മുതൽ 12 ശതമാനം പലിശ നൽകേണ്ടിവരുമെന്നും കമ്മിഷൻ വ്യക്തമാക്കി. പരാതിക്കാരനുവേണ്ടി അഡ്വ. കെ.പി.മുഹമ്മദ് സിനാൻ ഹാജരായി.