ഡോ. ജോ ജോസഫ് ഇടത് സ്ഥാനാര്‍ത്ഥി
കൊച്ചി: പിടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന തൃക്കാക്കര മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ഡോ. ജോ ജോസഫ് ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയാകും. കോതമംഗലം സ്വദേശിയായ അദ്ദേഹം ലിസി ഹോസ്പിറ്റലിലെ ഹൃദ്രോഗ വിദഗ്ധനാണ്. സിപിഎം പാര്‍ട്ടി ചിഹ്നത്തിലാകും അദ്ദേഹം തൃക്കാക്കരയില്‍ മത്സരിക്കുക. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനാണ് വാര്‍ത്താസമ്മേളനത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. തൃക്കാക്കരയില്‍ ഇടത് പക്ഷ മുന്നണി വന്‍ വിജയം നേടുമെന്ന പ്രതീക്ഷ ഇപി ജയരാജന് പങ്കുവെച്ചു. കേരളത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടിയാണ് ഇടത് മുന്നണി ജനങ്ങളെ സമീപിക്കുന്നതെന്നും കാലതാമസം ഉണ്ടായത് നടപടി പൂര്‍ത്തിയാകാത്തതിനാലാണെന്നും ഇപി ജയരാജന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.