പ്രതിപക്ഷ ജനപ്രതിനിധികൾക്ക് വിലക്കേർപ്പെടുത്തി പോലീസ്

ഏകാധിപത്യത്തിന്റെ നേർക്കാഴ്ച

പ്രതിപക്ഷ ജനപ്രതിനിധികൾക്ക് വിലക്കേർപ്പെടുത്തി പോലീസ്

  പ്രതിപക്ഷ സംഘടനകളിലെ ജില്ലാ പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെയുള്ളവർ മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കരുതെന്നു കാണിച്ചു പൊലീസ് നോട്ടിസ് നൽകിയതുൾപ്പെടെ മുഖ്യമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് കണ്ണൂരില്‍ പഴുതടച്ച സുരക്ഷ ഒരുക്കി പൊലീസ്.

  കരിങ്കൊടി പ്രതിഷേധം അടക്കം തടയുന്നതിനായി എഴുന്നൂറോളം പൊലീസുകാരെ വിന്യസിച്ചു. സിറ്റി, റൂറൽ പരിധിയിലെ ഏതാണ്ട് മുഴുവൻ പൊലീസുകാരെയും ഉദ്യോഗസ്ഥരെയും ഉപയോഗപ്പെടുത്തും. മുഖ്യമന്ത്രി കടന്നുപോകുന്ന സമയം ഇടറോഡുകൾ അടച്ചിട്ടേക്കും. തളിപ്പറമ്പ് - ശ്രീകണ്ഠപുരം സംസ്ഥാന പാതയിലെ കരിമ്പം ഇടിസിയിലുള്ള കില ക്യാംപസിൽ ആരംഭിക്കുന്ന രാജ്യാന്തര നേതൃപഠന കേന്ദ്രത്തിന്റെ ഉദ്ഘാടനവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പിന്റെ ശിലാസ്ഥാപനവും നിർവഹിക്കാനാണു മുഖ്യമന്ത്രി ഇന്നു 10.30ന് തളിപ്പറമ്പിൽ എത്തുന്നത്.

  ചടങ്ങിൽ കറുത്ത മാസ്ക് അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ഉത്തര മേഖല ഡിഐജി രാഹുൽ ആർ.നായർ സുരക്ഷയ്ക്കു മേൽനോട്ടം വഹിക്കും. സിറ്റി പൊലീസ് കമ്മിഷണർ, റൂറൽ എസ്പി എന്നിവരുടെ നേതൃത്വത്തിൽ 5 ഡിവൈഎസ് പിമാർ, 15 ഇൻസ്പെക്ടർമാർ, 45 എസ്ഐമാർ എന്നിവർ നേതൃത്വം നൽകും.

 മലപ്പുറം, കോഴിക്കോട് ജില്ലകളിലായി നടന്ന 5 ചടങ്ങുകളിലാണു മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പങ്കെടുത്തത്. ശനിയാഴ്ച രാത്രി തൃശൂർ രാമനിലയത്തിൽ തങ്ങിയ മുഖ്യമന്ത്രിക്കുവേണ്ടി ഇതിനു മുന്നിലെ പാലസ് റോഡ് 14 മണിക്കൂർ അടച്ചിട്ടു. ഇന്നലെ രാവിലെ 9ന് തൃശൂരിൽനിന്നു യാത്ര തുടങ്ങിയ മുഖ്യമന്ത്രി രാത്രി കോഴിക്കോട്ടുനിന്നു കണ്ണൂരിലേക്കു പുറപ്പെടുംവരെ വഴിയിലുടനീളവും അദ്ദേഹം പങ്കെടുത്ത ചടങ്ങുകളിലും അതീവസുരക്ഷയും നിയന്ത്രണങ്ങളുമായിരുന്നു.

 കറുത്ത മാസ്ക്കിനു നിരോധനമില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് ശനിയാഴ്ച വൈകിട്ട് അറിയിച്ചെങ്കിലും നടപടിയിൽനിന്നു പൊലീസ് ഇന്നലെയും പിന്നോട്ടു പോയില്ല. ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ കറുത്ത മാസ്ക് അഴിപ്പിച്ചു. പകരം മാസ്ക് നൽകി. വൻ സുരക്ഷാ സന്നാഹം മറികടന്നു പലയിടത്തും പ്രതിപക്ഷ കക്ഷികൾ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാട്ടി. ചിലയിടങ്ങളിൽ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി.