ലങ്കയില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു

അടിയന്തരാവസ്ഥ പിന്‍വലിച്ചു..

ലങ്കയില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു

കൊളംബോ: ശ്രീലങ്കയില്‍ പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥ പിന്‍വലിച്ചു. പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ഈ മാസം ഒന്നുമുതലാണ് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധയില്‍ ഉഴലുന്ന ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടിരിക്കുകയാണ്. 
അതേ സമയം ഘടകകക്ഷികള്‍ കൂട്ടമായി മുന്നണി വിട്ടതോടെ ശ്രീലങ്കയില്‍ ഭൂരിപക്ഷം നഷ്ടമായി രജപക്‌സെ സര്‍ക്കാര്‍. 14 അംഗങ്ങള്‍ ഉള്ള   ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടി അടക്കം ചെറു കക്ഷികള്‍ മഹിന്ദ രാജപക്‌സെയുടെ പൊതുജന മുന്നണിയില്‍നിന്ന് വിട്ട് പാര്‍ലമെന്റില്‍ സ്വതന്ത്രരായി ഇരിക്കാന്‍ തീരുമാനിച്ചു.  225 അംഗ ലങ്കന്‍ പാര്‍ലമെന്റില്‍ 145 അംഗങ്ങളുടെ പിന്തുണയാണ് രജപക്‌സെ സര്‍ക്കാരിന് ഉണ്ടായിരുന്നത്. നാല്പതിലേറെ എം.പിമാര്‍ പിന്തുണ പിന്‍വലിച്ചതോടെ സര്‍ക്കാര്‍ ന്യൂനപക്ഷമായി. അതേസമയം ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത പുതിയ ധനമന്ത്രി അലി സാബ്രി 24 മണിക്കൂര്‍ തികയും മുന്‍പേ രാജിവെച്ചു.  ഇന്ന് പകലും ലങ്കയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത പ്രതിഷേധം തുടര്‍ന്നു.  രാത്രിയും പ്രതിഷേധം തുടരാനുള്ള സാധ്യത കണക്കിലെടുത്ത് പ്രധാന പട്ടണങ്ങളില്‍ സുരക്ഷ ശക്തമാക്കി. സര്‍വകക്ഷി സര്‍ക്കാര്‍ ഉണ്ടാക്കി പ്രതിസന്ധി നേരിടാം എന്ന രജപക്‌സേമാരുടെ നിര്‍ദേശം പ്രതിപക്ഷ പാര്‍ട്ടികള്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്‌