പാകിസ്താനില്‍ പ്രളയക്കെടുതി രൂക്ഷം; 1,100 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

പാകിസ്താനില്‍ പ്രളയക്കെടുതി രൂക്ഷം; 1,100 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

 അയൽരാജ്യമായ പാകിസ്താനില്‍ പ്രളയക്കെടുതി രൂക്ഷമായി തുടരുന്നു. സാധാരണ ലഭിക്കുന്നതില്‍ നിന്നും പത്ത് മടങ്ങ് കൂടുതല്‍ മഴ ലഭിച്ചതാണ് കണക്കുകൂട്ടലുകള്‍ തെറ്റിച്ച പ്രളയത്തിന് കാരണമായി വിലയിരുത്തപ്പെടുന്നത്.

33 ദശലക്ഷം ജനങ്ങളെ ബാധിച്ച പ്രളയത്തില്‍ ഇതുവരെ 1,100 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. പ്രളയക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് വിദേശ സന്ദര്‍ശനങ്ങള്‍ മാറ്റിവെച്ചു.
പെരുമഴയ്‌ക്കൊപ്പം, ഹിമാലയന്‍ മലനിരകളിലെ മഞ്ഞ് ക്രമാതീതമായി ഉരുകി ജലാശയങ്ങളില്‍ എത്തിയതും പാകിസ്താനിലെ പ്രളയത്തിന്റെ ആക്കം കൂട്ടി. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ ഉഷ്ണതരംഗം മാര്‍ച്ച്‌- ഏപ്രില്‍ മാസങ്ങളില്‍ ഹിമാലയന്‍ മേഖലയില്‍ അനുഭവപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഭീകരമായ തോതില്‍ ഹിമാലയന്‍ മലനിരകളിലെ മഞ്ഞ് ഉരുകിയതെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.
ലാ നിന പ്രതിഭാസം അറബിക്കടലില്‍ ഉഷ്ണം വര്‍ദ്ധിപ്പിച്ചത് മഴ ശക്തമാകാന്‍ കാരണമായി. മഞ്ഞുരുകിയ ജലവും പേമാരിയുടെ ഫലമായി ഒഴുകിയെത്തിയ ജലവും ഒരുമിച്ച്‌ ഉള്‍ക്കൊള്ളാന്‍ പാകിസ്താനിലെ ജലാശയങ്ങള്‍ക്ക് സാധിച്ചില്ല. ഇതോടെ പ്രളയം പാകിസ്താനെ വിഴുങ്ങുകയായിരുന്നു.