ഇന്ത്യൻ മിസൈൽ അബദ്ധത്തിൽ പാക്കിസ്ഥാനിൽ പതിച്ച സംഭവം; 3 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

ഇന്ത്യൻ മിസൈൽ അബദ്ധത്തിൽ പാക്കിസ്ഥാനിൽ പതിച്ച സംഭവം; 3 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു
പ്രതീകാത്മക ചിത്രം

ഇന്ത്യയുടെ മിസൈൽ അബദ്ധത്തിൽ പാക്കിസ്ഥാനിൽ പതിച്ച സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. കുറ്റക്കാരെന്നു കണ്ടെത്തിയ മൂന്ന് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടതായി വ്യോമസേനയാണ് അറിയിച്ചത്. ഇക്കഴിഞ്ഞ മാർച്ചിലാണ് ഹരിയാനയിലെ സിർസയിൽനിന്നു വിക്ഷേപിച്ച മിസൈൽ പാക്ക് അതിർത്തിക്കുള്ളിൽ 124 കിലോമീറ്റർ സഞ്ചരിച്ച് പഞ്ചാബ് പ്രവിശ്യയിലെ മിയാൻഛന്നു നഗരത്തിൽ വീണത്.

സംഭവത്തിൽ ഇന്ത്യ ഖേദം പ്രകടിപ്പിച്ചിരുന്നു. പോർമുനയില്ലാതിരുന്ന മിസൈൽ വീണ് കെട്ടിടങ്ങൾക്കും മറ്റും നാശനഷ്ടമുണ്ടായതായി പാക്ക് ആർമി വക്താവ് മേജർ ബാബർ അക്ബർ പറഞ്ഞു. ആയുധമില്ലാതിരുന്നതിനാൽ ആളപായമുണ്ടായില്ല. ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി വിശദീകരണം ചോദിക്കുകയും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി വിവരം അറിയിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

മാർച്ച് ഒൻപതിനു വൈകിട്ട് 6.43നു വിക്ഷേപിക്കപ്പെട്ട മിസൈൽ 6.50നാണ് പാക്കിസ്ഥാനിൽ വീണത്. അറ്റകുറ്റപ്പണികൾക്കിടെ സാങ്കേതികത്തകരാറു മൂലം അബദ്ധത്തിൽ മിസൈൽ വിക്ഷേപിക്കപ്പെടുകയായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം വിശദീകരിച്ചിരുന്നു. സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. സംഭവത്തിൽ ഖേദിക്കുന്നതായും ആളപായമില്ലാത്തതിൽ ആശ്വസിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.