ഔദ്യോഗികമായ കൂടിക്കാഴ്ചയാണ് ഷാർജ ഭരണാധികാരിയുമായി നടത്തിയത്: നിയമസഭയിൽ വിശദീകരിച്ച് മുഖ്യമന്ത്രി
ക്ലിഫ് ഹൗസിൽ വെച്ച് ഷാർജ ഭരണാധികാരിയുമായുള്ള കൂടിക്കാഴ്ച്ചയിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 2017 സെപ്റ്റംബർ 26 ന് രാവിലെ 10.30 ന് ക്ലിഫ് ഹൗസിൽ വച്ചാണ് ഷാർജ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തിയത്. വിദേശകാര്യ മന്ത്രാലയ പ്രതിനിധിയും ഒപ്പമുണ്ടായിരുന്നുവെന്നും കൂടിക്കാഴ്ച ഔദ്യോഗികമായിരുന്നുവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. നിയമസഭയിൽ രേഖാമൂലമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
മാത്യു കുഴൽനാടൻ, സനീഷ് കുമാർ ജോസഫ് എന്നിവരുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. മുൻകൂട്ടി നിശ്ചയിച്ച റൂട്ടിലായിരുന്നു യാത്രയെന്നും മുഖമന്ത്രി നിയമസഭയെ അറിയിച്ചു. റൂട്ട് മാറ്റിയാണ് കൂടിക്കാഴ്ച നടത്തിയത് എന്നായിരുന്നു സ്വപ്ന സുരേഷിന്റെ ആരോപണം. യുഎഇ കോൺസിൽ ജനറലുമായും ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൂടിക്കാഴ്ച ഔദ്യോഗിക സ്വഭാവമുള്ളതാണെന്നും കേന്ദ്രത്തിന്റെ അനുമതി ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള സന്ദര്‍ശനത്തിനെത്തിയ ഷാര്‍ജ ഭരണാധികാരി ക്ലിഫ് ഹൗസിലെത്തിയത് നേരത്തെ തീരുമാനിച്ചതനുസരിച്ചല്ലെന്ന് സന്ദര്‍ശന രേഖ നേരത്തെ പുറത്ത് വന്നിരുന്നു. ഭരണാധികാരിയുടെ ഷെഡ്യൂളിൽ ക്ലിഫ് ഹൗസ് ഉണ്ടായിരുന്നില്ലെന്നാണ് സന്ദര്‍ശന രേഖ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് റൂട്ട് മാറ്റിയതെന്നാണ് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നേരത്തെ ആരോപിച്ചിരുന്നത്.
ഷാര്‍ജ ഭരണാധികാരിയുടെ സന്ദര്‍ശനത്തിന് രണ്ടാഴ്ച മുൻപ് തയ്യാറാക്കിയ ഷെഡ്യൂളിൽ ക്ലിഫ് ഹൗസ് ഇല്ലായിരുന്നു. തിരുവനന്തപുരത്തും കോഴിക്കോട്ടുമായി മൂന്ന് ദിവസങ്ങളിലായി വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം മടങ്ങുന്ന വിധത്തിൽ സന്ദര്‍ശനം തീരുമാനിച്ചെങ്കിലും ക്ലിഫ് ഹൗസ് പിന്നീട് കൂട്ടിച്ചേര്‍ക്കുകയായിരുന്നു എന്നും ഇത് മുഖ്യമന്ത്രിയുടെ താൽപര്യപ്രകാരം ആയിരുന്നു എന്നുമാണ് സ്വപ്ന സുരേഷ് ആരോപണം ഉന്നയിച്ചിരുന്നത്.