കെഎസ്ആർടിസി എംഡിയുടെ വിശദീകരണം ഞെട്ടിപ്പിക്കുന്നത്: എം. വിൻസെന്റ് എംഎൽഎ

കെഎസ്ആർടിസി എംഡിയുടെ വിശദീകരണം ഞെട്ടിപ്പിക്കുന്നത്: എം. വിൻസെന്റ് എംഎൽഎ

ബിഎംഎസ് സമ്മേളന വേദിയിൽ സർക്കാരിനെ വിമർശിച്ച് കെഎസ്ആർടിസിയുടെ സിഎംഡി ബിജു പ്രഭാകർ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗം വിവാദമായതിന് പിന്നാലെ അദ്ദേഹം നൽകിയ വിശദീകരണം ഞെട്ടിപ്പിക്കുന്നതാണെന്ന് എം. വിൻസെന്റ് എംഎൽഎ. പൊതുമേഖലാ സ്ഥാപനത്തിന്റെ മേധാവിയും ഗതാഗത സെക്രട്ടറിയുമായ അദ്ദേഹം  കെഎസ്ആർടിസിയെ സ്വകാര്യ വത്കരിക്കണമെന്ന മനസ്സുമായാണ് ഇരിക്കുന്നതെന്ന് വ്യക്തമായ സാഹചര്യത്തിൽ കഴിഞ്ഞ കാലങ്ങളിൽ ബിജു പ്രഭാകർ നടത്തിയ പ്രവർത്തനങ്ങൾ കെഎസ്ആർടിസിയെ സ്വകാര്യവത്കരിക്കുന്നതിന് വേണ്ടിയാണെന്നും വ്യക്തമാണ്. സ്വതന്ത്ര സ്വിഫ്റ്റ് കമ്പനി കൊണ്ടു വന്നത് കെഎസ്ആർടിസിയെ സ്വകാര്യവത്കരിക്കുന്നതിനാണെന്ന് ടി.ഡി.എഫ് ഉന്നയിച്ച ആരോപണം സത്യമാണെന്നും തെളിഞ്ഞിരിക്കുകയാണ്. പൊതുമേഖലാ സ്ഥാപനത്തെ സംരക്ഷിക്കാൻ ഉത്തരവാദിത്വപ്പെട്ട തസ്തികയിലുള്ള ബിജു പ്രഭാകർ സ്വകാര്യവത്കരണമാണ് തന്റെ നയമെന്ന് പരസ്യമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇതേ നയമാണോ അദ്ദേഹത്തെ ഇവിടെ നിയമിച്ച ഇടതു സർക്കാരിനുമെന്ന് വ്യക്തമാക്കേണ്ടത് കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്നും എം. വിൻസെന്റ് പറഞ്ഞു.
കെഎസ്ആർടിസിക്ക്  സൂപ്പർ ക്ലാസ്സ് റൂട്ടുകൾ ഓടിക്കാൻ ബസ്സില്ലെന്ന് കെഎസ്ആർടിസിയുടെ ചീഫ് ഓഫീസിൽ നിന്നും ഗതാഗത വകുപ്പിന് കത്തെഴുതുന്ന സിഎംഡി ബിജു പ്രഭാകർ തന്നെ സെക്രട്ടേറിയറ്റിൽ ഗതാഗത സെക്രട്ടറിയുടെ കസേരയിൽ പോയിരുന്നു അതേ സൂപ്പർ ക്ലാസ്സ് റൂട്ടുകൾ ബസ്സില്ലാ എന്ന കാരണം പറഞ്ഞു സ്വകാര്യ വ്യക്തികൾക്ക് നൽകുവാനുള്ള ഉത്തരവിറക്കുകയും ചെയ്യുകയാണ്. ഒരു വ്യക്തിക്ക് തന്നെ ഒരേ വകുപ്പിന്റെ മുകളിലേക്കുള്ള എല്ലാ തസ്തികയുടേയും ചുമതല നൽകിയിരിക്കുന്നത് ഇതുപോലുള്ള സ്ഥാപിത താൽപര്യങ്ങൾ നടപ്പിലാക്കാൻ സഹായിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.  ഇത്തരത്തിൽ കെഎസ്ആർടിസിക്ക് പുതിയ ബസുകൾ ഇറക്കാതെയും ദേശസാത്കൃത റൂട്ടുകൾ സ്വകാര്യ വ്യക്തികൾക്ക് നൽകിയും കെഎസ്ആർടിസിയുടെ പ്ലാൻ ഫണ്ട് വകമാറ്റി സ്വിഫ്റ്റ് കമ്പനിക്ക്  ബസുകൾ വാങ്ങി നൽകിയും നിയമവിരുദ്ധ സിംഗിൾ ഡ്യൂട്ടികളിലൂടെയും കെഎസ്ആർടിസിയെ തകർക്കുകയാണ്. കെഎസ്ആർടിസിയെ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിൽ നിന്നും പിൻമാറിയില്ലെങ്കിൽ പ്രതിപക്ഷവും ടി.ഡി.എഫും ശക്തമായ സമരത്തിലേക്ക് കടക്കുമെന്നും എം.വിൻസെന്റ് മുന്നറിയിപ്പ് നൽകി.