പള്‍സര്‍ സുനി ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയില്‍
തുടരന്വേഷണം നടക്കുന്നതിനാല്‍ കേസിലെ വിചാരണ നടപടികള്‍ സമീപകാലത്ത് ഒന്നും പൂര്‍ത്തിയാകാന്‍ സാധ്യതയില്ലെന്നും ആ നിലയ്ക്ക് തനിക്ക് ജാമ്യം...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയില്‍. ഹൈക്കോടതി ജാമ്യാപേക്ഷ നിരസിച്ചതിന് പിന്നാലെയാണ് പള്‍സര്‍ സുനി പരമോന്നത കോടതിയെ സമീപിച്ചത്. തുടരന്വേഷണം നടക്കുന്നതിനാല്‍ കേസിലെ വിചാരണ നടപടികള്‍ സമീപകാലത്ത് ഒന്നും പൂര്‍ത്തിയാകാന്‍ സാധ്യതയില്ലെന്നും ആ നിലയ്ക്ക് തനിക്ക് ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതിയുടെ ആവശ്യം. താനൊഴികെ കേസിലെ എല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിച്ചുവെന്ന് സുനി ജാമ്യാപേക്ഷയില്‍ പറയുന്നു. കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനി, നാലാം പ്രതി വിജീഷ് എന്നിവര്‍ ഒഴികെ ഒഴികെ മറ്റു പ്രതികള്‍ നേരത്തെ ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. വിജീഷിനും കഴിഞ്ഞ ദിവസം ഹൈക്കോടതിയും ജാമ്യം അനുവദിച്ചു. പള്‍സര്‍ സുനി അടക്കമുള്ള സംഘത്തിന്റെ വാഹനത്തില്‍ അത്താണി മുതല്‍ വിജീഷും ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇയാളെ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്തത്. അതിനിടെ നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ നിന്ന് പള്‍സര്‍ സുനി ദിലീപിന് അയച്ച കത്തിന്റെ ഒറിജിനല്‍ ക്രൈം ബ്രാഞ്ചിന് കഴിഞ്ഞ ദിവസം ലഭിച്ചു. സഹതടവുകാരന്‍ കുന്ദംകുളം സ്വദേശി സജിത്തിന്റെ വീട്ടില്‍ നിന്നാണ് കത്ത് കിട്ടിയത്. നടിയെ ആക്രമിച്ചതിന്റെ ഗൂഢാലോചനയിലെ നിര്‍ണായക തെളിവാണ് കത്ത്. 2018 മെയ് 7 നായിരുന്നു സുനി ജയിലില്‍ നിന്ന് പള്‍സര്‍ സുനി കത്ത് എഴുതിയത്. കത്തില്‍ ദിലീപും പള്‍സറും തമ്മിലുള ബന്ധം വ്യക്തമാണ്. താന്‍ ചെയ്ത തെറ്റ് ഏറ്റു പറഞ്ഞ് കോടതിയില്‍ മാപ്പിരക്കുമെന്നായിരുന്നു കത്തില്‍ ഉണ്ടായത്.