രാജ്യത്ത് നോട്ടുകളില്‍ ഗാന്ധിജിക്ക് കൂട്ടായി രണ്ട് നേതാക്കന്മാര്‍കൂടി വരുന്നു!!

രാജ്യത്ത് നോട്ടുകളില്‍ ഗാന്ധിജിക്ക് കൂട്ടായി രണ്ട് നേതാക്കന്മാര്‍കൂടി വരുന്നു!!

രാജ്യത്തെ കറന്‍സി നോട്ടുകളില്‍ മഹാത്മാ ഗാന്ധിയുടെ ചിത്രത്തിന് പുറമ, രവീന്ദ്രനാഥ ടാഗോറിനെയും എപിജെ അബ്ദുള്‍ കലാമിനെയും ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ടാഗോറിന്റെയും കലാമിന്റെയും വാട്ടര്‍മാര്‍ക്ക് ചിത്രങ്ങള്‍ കറന്‍സികളില്‍ ഉപയോഗിക്കുന്നത്  ധനമന്ത്രാലയവും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും (ആര്‍ബിഐ)  പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആദ്യമായാണ് മഹാത്മാഗാന്ധി ഒഴികെയുള്ള പ്രമുഖ വ്യക്തികളുടെ ചിത്രങ്ങള്‍ നോട്ടുകളില്‍ ഉപയോഗിക്കാന്‍ ആര്‍ബിഐ ആലോചിക്കുന്നത്. ആര്‍ബിഐക്കും ധനമന്ത്രാലയത്തിന് കീഴിലുള്ള സെക്യൂരിറ്റി പ്രിന്റിംഗ് ആന്‍ഡ് മിന്റിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും ഗാന്ധി, ടാഗോര്‍, കലാം വാട്ടര്‍മാര്‍ക്കുകളുടെ രണ്ട് വ്യത്യസ്ത സെറ്റ് സാമ്പിളുകള്‍ വിദഗ്ധ പരിശോധനക്കായി ഐഐടി ദില്ലി എമറിറ്റസ് പ്രൊഫസര്‍ ദിലീപ് ടി ഷഹാനിക്ക് അയച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഷഹാനി തെരഞ്ഞെടുക്കുന്ന സാമ്പിള്‍ സര്‍ക്കാരിന്റെ അന്തിമ പരിഗണനക്ക് നല്‍കാനായി അദ്ദേഹത്തോട് നിര്‍ദേശിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്തിമ തീരുമാനം ഉന്നത തലത്തില്‍ എടുക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മൂന്ന് വാട്ടര്‍മാര്‍ക്ക് സാമ്പിളുകളുടെ രൂപകല്‍പ്പനയ്ക്ക് ഔദ്യോഗിക അനുമതി ഉണ്ടായിരുന്നു. ഇതുവരെ അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ലെങ്കിലും കറന്‍സി നോട്ടുകളില്‍ ഒന്നിലധികം അക്കങ്ങളുടെ വാട്ടര്‍മാര്‍ക്കുകള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ ആരായാനുള്ള നീക്കവും നടക്കുന്നുണ്ട്.