കെഎൻഎ ഖാദറിനെതിരെ നടപടിക്കൊരുങ്ങി ലീഗ് ?
സിഎഎ വിവാദത്തിന് പിന്നാലെ കെഎൻഎ ഖാദർ ആർഎസ്എസ് വേദിയിൽ
കോഴിക്കോട് ചാലപ്പുറത്ത് ആര്‍.എസ്.എസ് മുഖപത്രമായ കേസരിയുടെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് നേതാവ് കെ എൻ എ ഖാദർ പങ്കെടുത്തത് വലിയ വിവാദമായി.
പൗരത്വ ഭേദഗതി നിയമം നടപ്പില്‍ വരികയാണെങ്കില്‍ ഫോറങ്ങള്‍ പൂരിപ്പിക്കാന്‍ മുസ്ലിംലീഗ് സഹായം നല്‍കുമെന്ന് പ്രസ്താവനയിറക്കി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു വേളയില്‍ പുലിവാല്‍ പിടിച്ചതാണ് കെ.എന്‍.എ ഖാദര്‍.
വിവാദമായതോടെ അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ആര്‍എസ്എസിന്റെ പരിപാടിയല്ലെന്നും മതസൗഹാര്‍ദത്തിന് വേണ്ടിയാണ് പോയതെന്നുമായിരുന്നു വിശദീകരണം.
എല്ലാമതങ്ങളെക്കുറിച്ചും നല്ലതുമാത്രം പറയുന്ന ഒരാളാണ് താനെന്നും ശുദ്ധമനസ്കനായതിനാലാണ് പരിപാടിയില്‍ പങ്കെടുത്തതെന്നുമാണ് കെഎന്‍എ ഖാദറിന്റെ വിദശീകരണം. എല്ലാം മതസ്ഥരും തമ്മില്‍ സ്നേഹവും ഐക്യവും വേണമെന്ന് വിചാരിച്ചതുകൊണ്ടാണ് പരിപാടിയില്‍ പങ്കെടുത്തത്. പരിപാടിയില്‍ മതസൗഹാര്‍ദത്തെ കുറിച്ചാണ് സംസാരിച്ചത്. മതങ്ങള്‍ക്കിടയില്‍ സംഘര്‍ഷം വര്‍ധിച്ചുവരുന്ന കാലഘട്ടത്തില്‍ എല്ലാവര്‍ക്കുമിടയില്‍ ഐക്യം വേണമെന്ന് കുറേക്കാലമായി താന്‍ പറയുന്നുണ്ടെന്നും കെ.എന്‍. എ ഖാദര്‍ പറഞ്ഞു.
സാംസ്‌കാരിക പരിപാടിയിലാണ് പങ്കെടുത്തത്. മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റാണ്. മുസ്ലിംലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന മതസൗഹാര്‍ദ സദസ്സുകളില്‍ എല്ലാ വിഭാഗം ആളുകളും എത്തുന്നുണ്ട്. നമ്മള്‍ വിളിച്ചാല്‍ എല്ലാവരും എത്തുന്നുണ്ട്. മറുവശത്ത് നിന്നും ക്ഷണം ലഭിച്ചാല്‍ പോകേണ്ടതല്ലേയെന്ന ശുദ്ധമനസുകൊണ്ടാണ് പരിപാടിയില്‍ പങ്കെടുത്തതെന്നും കെ.എന്‍.എ ഖാദര്‍ വിശദീകരിച്ചു.