ലൗ ജിഹാദ്; ഇരുട്ടിവെളുത്തപ്പോള്‍ സിപിഎം നിലപാട് തിരുത്തി
തിരുവനന്തപുരം : ലൗവ് ജിഹാദ് വിഷയത്തില്‍ നിലപാട് തിരുത്തി സിപിഎം. ഡിവൈഎഫ്‌ഐ നേതാവ് ഷൈജിന്‍ എം എസും ജോയ്‌സനയും തമ്മിലുള്ള വിവാഹം ലൗജിഹാദാണെന്ന് സിപിഎം പാര്‍ട്ടി നേതാവ് ജോര്‍ജ് എം തോമസ് പ്രതികരിച്ചിരുന്നു. പ്രതികരണം വിവാദമായതോടെയാണ് പാര്‍ട്ടി നിലപാട് തിരുത്തിയത്. വിവാഹത്തെ തുടര്‍ന്ന് ഉയര്‍ന്നു വന്ന വിവാദം അനാവശ്യവും നിര്‍ഭാഗ്യകരവുമാണെന്ന് ഡിവൈഎഫ്ഐ പ്രസ്താവനയില്‍ പറഞ്ഞു. പ്രായപൂര്‍ത്തിയായ രണ്ട് പേരുടെ വിവാഹമെന്നത് തീര്‍ത്തും അവരുടെ മാത്രം സ്വകാര്യമായ വിഷയമാണ്. ജാതി-മത-സാമ്പത്തിക-ലിംഗ ഭേദമില്ലാതെ പരസ്പരം പ്രണയിക്കുകയും ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ക്ക് പിന്തുണ നല്‍കുക എന്നതാണ് ഡിവൈഎഫ്‌ഐയുടെ പ്രഖ്യാപിത നിലപാടെന്ന് സംഘടന പറഞ്ഞു. കോടഞ്ചേരിയില്‍ ഇതരമതസ്ഥര്‍ തമ്മില്‍ വിവാഹം ചെയ്തതില്‍ അസ്വഭാവികത കണേണ്ടതില്ലെന്ന് സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. പ്രായപൂര്‍ത്തിയായവര്‍ക്ക് ഏത് മതവിഭാഗത്തില്‍നിന്നും വിവാഹം കഴിക്കാന്‍ രാജ്യത്തെ നിയമവ്യവസ്ഥ അനുവാദം നല്‍കുന്നുണ്ട്. വിവാഹം അവരുടെ വ്യക്തിപരമായ കാര്യമാണ്. അത് പാര്‍ട്ടിയെ നേരിട്ട് ബാധിക്കുന്ന കാര്യമല്ല. സ്വന്തം ഇഷ്ടപ്രകാരമാണ് വീടുവിട്ടിറങ്ങിയത് എന്ന് പെണ്‍കുട്ടി കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതോടെ ഈ വിഷയം അടഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെ ജോര്‍ജ് എം തോമസ് പറഞ്ഞതില്‍ പിശക് പറ്റി. ഇതിനകത്ത് ലവ് ജിഹാദ് ഒന്നും ഉള്‍പ്പെട്ടിട്ടല്ല. ലവ് ജിഹാദ് എന്നത് ആര്‍എസ്എസും സംഘ്പരിവാറുമെല്ലാം രാജ്യത്തെ മതന്യൂനപക്ഷങ്ങളെ വേട്ടയാടാനും ആക്രമിക്കാനും കൊണ്ടുവരുന്ന പ്രയോഗങ്ങളാണ്. ജോര്‍ജ് എം തോമസിന്റെ ചില പരാമര്‍ശങ്ങളില്‍ പിശക് വന്നതായി പാര്‍ട്ടിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിനും അത് ബോധ്യപ്പെട്ടിട്ടുണ്ട്. അത് പാര്‍ട്ടിയെ അറിയിച്ചു.