വിജയ് ബാബുവിനെതിരെ ഡബ്ല്യുസിസി

വിജയ് ബാബുവിനെതിരെ ഡബ്ല്യുസിസി

തനിക്കെതിരെ പരാതി നല്‍കിയ നടിയെ അധിക്ഷേപിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ എത്തി പേര് വെളിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ വിമന്‍ ഇന്‍ സിനിമ കലക്റ്റീവ് (ഡബ്ല്യുസിസി). പരാതിക്കാരിയെ ഒരു പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയവും നിയമപ്രകാരം ശിക്ഷാര്‍ഹവുമാണെന്നും ഇര ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം ജുഡീഷ്യറിക്കാണെന്നും സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ സംഘടന വ്യക്തമാക്കി. മലയാള സിനിമയിലെ ലൈംഗികാതിക്രമങ്ങളുടെയും അക്രമങ്ങളുടെയും ഞെട്ടിക്കുന്ന മറ്റൊരു ആരോപണം ഇപ്പോള്‍ പരസ്യമാകുന്നു. കമ്മിറ്റികള്‍ വരുമ്പോഴും പോകുമ്പോഴും ഇത്തരം സംഭവങ്ങള്‍ കൂടുതല്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. പ്രഫഷനല്‍ സമവാക്യങ്ങളുടെയും പ്രഫഷനല്‍ ഇടത്തിന്റെയും മറവിലാണ് ഇവിടെ കുറ്റകൃത്യങ്ങള്‍ നടക്കുന്നതെന്ന് ഡബ്ല്യുസിസി ആവര്‍ത്തിക്കുന്നു. തനിക്കെതിരായ കുറ്റകൃത്യത്തിന് ഔദ്യോഗികമായി പൊലീസില്‍ പരാതിപ്പെടാന്‍ ആര്‍ക്കും അവകാശമുണ്ട്. ഇര ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം ജുഡീഷ്യറിക്കാണ്, അല്ലാതെ മറ്റാര്‍ക്കുമല്ല. ഒരു പരാതിക്കാരിയെ ഒരു പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയവും നിയമപ്രകാരം ശിക്ഷാര്‍ഹവുമാണ്. ജുഡീഷ്യല്‍ പ്രക്രിയയിലേക്ക് സ്വയം സമര്‍പ്പിക്കാതെ, ഇത്തരമൊരു പ്രവൃത്തിയിലൂടെ തന്റെ സാന്നിധ്യം ഓണ്‍ലൈനില്‍ പ്രകടിപ്പിക്കുന്നത് നീതിന്യായ വ്യവസ്ഥയെ പരിഹസിക്കാനുള്ള ശ്രമമാണെന്ന് തോന്നുന്നതായി സംഘടന പറഞ്ഞു.