എം.എസ്. ബാബുവിന്റെ ആത്മഹത്യ; നേതാക്കൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭാര്യ പോലീസിൽ പരാതി നൽകി
പ്രാദേശിക സിപിഎം പ്രവർത്തകന്റെ ആത്മഹത്യയിൽ നേതാക്കൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭാര്യ പോലീസിൽ പരാതി നൽകി. പത്തനംതിട്ട പെരുനാട് മഠത്തുംമൂഴി മേലേതിൽ എം.എസ്. ബാബുവിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരായവർക്കെതിരേ നടപടി ആവശ്യപ്പെട്ടാണ് ഭാര്യ കുസുമകുമാരി പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് പരാതിനൽകി. പെരുനാട് പോലീസ് മൊഴിയെടുത്തിരുന്നെങ്കിലും ആത്മഹത്യയ്ക്ക് കാരണക്കാരായി കുറിപ്പിൽ പറഞ്ഞിട്ടുള്ളവർക്കെതിരേ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നാണ് പരാതി.
ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിട്ടുള്ള സി.പി.എം.നേതാക്കളായ പി.എസ്. മോഹനൻ, റോബിൻ കെ.തോമസ്, ശ്യാം എന്നിവർ സാമൂഹിക, രാഷ്ട്രീയസ്വാധീനമുള്ളവരാണെന്നും ഉദ്യോഗസ്ഥരെ സ്വാധീനിക്കാനിടയുണ്ടെന്നും പരാതിയിൽ പറയുന്നു. അന്വേഷണത്തിൽ വീഴ്ചയുണ്ടാകില്ലെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചതായി കുസുമകുമാരി പറഞ്ഞു. കുറിപ്പ് ശാസ്ത്രീയ പരിശോധനകഴിഞ്ഞ് റിപ്പോർട്ട് കിട്ടാൻ ഒന്നരമാസമെങ്കിലും വേണ്ടിമെന്നും അദ്ദേഹം അറിയിച്ചതായും ഇവർ പറഞ്ഞു. സെപ്റ്റംബർ 25-ന് രാവിലെയാണ് വീടിനുസമീപം ബാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.