മെസി ഗോളടിച്ചില്ല..പക്ഷെ കോളടിച്ചത് പി എസ് ജിയ്ക്ക്

മെസി ഗോളടിച്ചില്ല..പക്ഷെ കോളടിച്ചത് പി  എസ് ജിയ്ക്ക്


പാരീസ്: പിഎസ്ജിയിലെ ആദ്യ സീസണില്‍ നിറം മങ്ങിയെങ്കിലും ലിയോണല്‍ മെസി ക്ലബിന് നല്‍കിയത് വന്‍ സാമ്പത്തിക നേട്ടം. മെസി എത്തിയതോടെ പിഎസ്ജിയുടെ പരസ്യവരുമാനം കുത്തനെ ഉയര്‍ന്നു. കരിയറില്‍ ബാഴ്‌സലോണയില്‍ മാത്രം കളിച്ചിട്ടുള്ള ലിയോണല്‍ മെസി അപ്രതീക്ഷിതമായാണ് കഴിഞ്ഞ സീസണില്‍ പിഎസ്ജിയില്‍ എത്തിയത്. ബാഴ്‌സലോണയുടെ സാമ്പത്തിക പ്രതിസന്ധിയായിരുന്നു മെസിയുടെ കൂടുമാറ്റത്തിന് കാരണം. സൂപ്പര്‍താരത്തെ പിഎസ്ജി രണ്ടുകൈയും നീട്ടി സ്വീകരിച്ചു. എന്നാല്‍ മെസിക്ക് പതിവ് ഫോമിലേക്ക് എത്താനായില്ല. സീസണില്‍ 34 കളിയില്‍ ആകെ നേടാനായത് 11 ഗോളും 14 അസിസ്റ്റും മാത്രം. എന്നാല്‍ കളിക്കളത്തില്‍ നിറംമങ്ങിയെങ്കിലും മെസിയുടെ വരവോടെ പിഎസ്ജിയുടെ വരുമാനത്തിലുണ്ടായത് വന്‍ വര്‍ധനയാണ്. പിഎസ്ജിക്ക് പുതിയതായി കിട്ടത് പത്ത് സ്‌പോണ്‍സര്‍മാരെ. ഒറ്റയടിക്ക് പരസ്യവരുമാനം കൂടിയത് എട്ടിരട്ടി. പിഎസ്ജിയുടെ ക്രിപ്‌റ്റോ കറന്‍സിയുടെ മൂല്യം ഇരട്ടിയായി. പിഎസ്ജിയുടെ ജഴ്‌സി വില്‍പനയും പ്രതീക്ഷകള്‍ തെറ്റിച്ചു. കഴിഞ്ഞ സീസണില്‍ മാത്രം വിറ്റത് പത്തുലക്ഷത്തിലേറെ ജഴ്‌സികള്‍. ഇതില്‍ അറുപത് ശതമാനത്തില്‍ ഏറെയും മെസിയുടെ മുപ്പതാം നമ്പര്‍ ജഴ്‌സിയാണ്. മിക്കപ്പോഴും ആവശ്യത്തിന് അനുസരിച്ച് ജഴ്‌സി ലഭ്യമാക്കാന്‍ പിഎസ്ജിക്കായില്ല. വരും സീസണിലും മെസി തന്നെയായിരിക്കും പിഎസ്ജിയുടെ പ്രധാന സാമ്പത്തിക ശ്രോതസ് എന്നുറപ്പാണ്.