വൈദ്യുത ചാർജ് വർദ്ധിപ്പിക്കേണ്ട സാഹചര്യം എന്ത്
വൈദ്യുതി ബോർഡിലെ അഴിമതിയും കെടുകാര്യസ്ഥതയുമാണ് ചാർജ് വർധനക്ക് കാരണമായതെന്ന്
വൈദ്യുതി ചാർജ് വർദ്ധിപ്പിക്കേണ്ട സാഹചര്യം ഇപ്പോൾ കേരളത്തിലില്ലെന്നും, വൈദ്യുതി ചാർജ് വർദ്ധന പ്രതിഷേധാർഹമാണെന്നും വൈദ്യുതി ബോർഡിലെ അഴിമതിയും കെടുകാര്യസ്ഥതയുമാണ് ചാർജ് വർധനക്ക് കാരണമായതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
ജനത്തിന് മേൽ അമിത ഭാരം അടിച്ചേൽപ്പിക്കുകയാണ് സർക്കാർ ചെയ്തത്. കടുത്ത സാമ്പത്തിക ബാധ്യതയിലൂടെ പോകുന്ന ജനത്തിന് ഇത് താങ്ങാൻ പറ്റുന്നതിലുമധികമാണ്. ജീവിക്കാൻ കഴിയാത്ത സാഹചര്യത്തിലേക്കാണ് ജനങ്ങൾ പോകുന്നതെന്നും വി ഡി സതീശൻ പറഞ്ഞു.
സർക്കാർ ധൂർത്തടിക്കുകയാണ്, ധനവകുപ്പിന് ഒരു നിയന്ത്രണവും ഇല്ലാത്ത അവസ്ഥയാണ്.
എല്ലാം തീരുമാനിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫിസാണ്. ഇക്കണക്കിന് പോയാൽ ശമ്പളം കൊടുക്കാൻ പോലും ഉള്ള പണം സർക്കാരിന്റെ പക്കലുണ്ടാകില്ല. ആയിരകണക്കിന് കോടി രൂപയുടെ നികുതി പിരിച്ചെടുക്കാൻ ഉണ്ട് .
അതുപോലും നേരെ ചൊവ്വേ നടത്താൻ സർക്കാരിന് ആകുന്നില്ല. ധനവകുപ്പ് നിഷ്ക്രിയമാണ്. സാമ്പത്തിക മാന്ദ്യം മറികടക്കാൻ എന്താണ് ചെയ്തിട്ടുള്ളതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യതയെക്കുറിച്ച് ധവള പത്രമിറക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു.