കല്‍ക്കരി ക്ഷാമത്തിനും കാരണം നെഹ്‌റുവാണെന്ന് പറയല്ലേ
ന്യൂഡല്‍ഹി: രാജ്യത്തെ കല്‍ക്കരി ക്ഷാമവും തുടര്‍ന്നുണ്ടായ വൈദ്യുതി ക്ഷാമവും പരിഹരിക്കാന്‍ കഴിയാത്തതില്‍ നെഹ്രുവിനെ കുറ്റം പറയേണ്ടിവരുമോ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതില്‍ പരാജയപ്പെട്ട പ്രധാനമന്ത്രി നെഹ്രുവിനെയാണോ അതോ സംസ്ഥാനങ്ങളെയാണോ, അതുമല്ലെങ്കില്‍ ജനങ്ങളെയാണോ കുറ്റം പറയുക. എന്തുകൊണ്ടാണ് ഈ സാഹചര്യം കൈകാര്യം ചെയ്യാന്‍ കഴിയാത്തതെന്നും ട്വിറ്ററിലൂടെ രാഹുല്‍ ചോദിച്ചു. പ്രധാനമന്ത്രി മോദിയുടെ വാഗ്ദാനങ്ങളും ലക്ഷ്യങ്ങളും വിച്ഛേദിക്കപ്പെട്ടിരിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്ത് 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുമെന്ന പ്രധാനമന്ത്രിയുടെ മുന്‍കാല പ്രസംഗങ്ങളുടെ വീഡിയോയും രാഹുല്‍ പങ്കുവച്ചു. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുന്ന മോദിയുടെ ചാനല്‍ ചര്‍ച്ചകളുടെ വിവരങ്ങളും അദ്ദേഹം പുറത്തുവിട്ടു. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായ വീഴ്ചയാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന ആരോപണം കോണ്‍ഗ്രസ് ശക്തമാക്കി. നിലവില്‍ പ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാരാണ്. കല്‍ക്കരി വിതരണത്തില്‍ കാര്യമായ വീഴ്ചയുണ്ടായെന്നും കോണ്‍ഗ്രസ് ആരോപിച്ചു. തലസ്ഥാനമായ ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവയുള്‍പ്പെടെ നിരവധി സംസ്ഥാനങ്ങള്‍ ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വൈദ്യുതി പ്രതിസന്ധിയാണ് നേരിടുന്നത്.