ആറ് മാസം പ്രായമായ കുഞ്ഞിനെ പീഡിപ്പിച്ചു; പ്രതിയെ വെടിവച്ചിട്ട് പൊലീസ്
ദില്ലിയില്‍ ആറു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച കേസില്‍ നാല്‍പ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കുപടിഞ്ഞാറന്‍ ദില്ലിയിലെ സമയ്പുര്‍ ബദ്‌ലി മേഖലയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം. സംഭവത്തില്‍ ജഹാംഗിര്‍പുരി സ്വദേശി ചിനു (കമല്‍ മല്‍ഹോത്ര) ആണ് അറസ്റ്റിലായത്. കുഞ്ഞിന്റെ അമ്മയുടെ പരാതിയിലാണ് പൊലീസ് നടപടി. കുഞ്ഞിന്റെ സഹോദരിയായ കൗമാരക്കാരിയെ പീഡിപ്പിച്ച കേസില്‍ ഇയാളുടെ സുഹൃത്തായ രാജു എന്ന രാജ് ഒളിവിലാണ്. ഇരുവരും ചേര്‍ന്നാണ് രണ്ട് കുട്ടികളെ പീഡിപ്പിച്ചത്. ചിനുവിനെ വെടിവെച്ച് വീഴ്ത്തിയാണ് പൊലീസ് പിടികൂടിയത്. മക്കളായ മാനസിക വൈകല്യമുള്ള പതിനാലുകാരിയെയും ആറു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെയും ചിനുവും രാജുവും പീഡിപ്പിച്ചെന്ന് മാതാവ് പൊലീസില്‍ പരാതി നല്‍കി. വെള്ളിയാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ കുട്ടികളെ വീട്ടില്‍ കണ്ടില്ല. തൊട്ടടുത്ത വീട്ടില്‍ നിന്ന് കുട്ടികളുടെ കരച്ചില്‍ കേട്ട് എത്തിയപ്പോള്‍ ചിനുവും രാജുവും പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതാണ് കണ്ടതെന്ന് അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. അമ്മയെ കണ്ടതോടെ ഇരുവരും സ്ഥലത്തുനിന്നു മുങ്ങി. രണ്ട് കുട്ടികളെയും ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയെന്നും എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.