പിഎഫ്ഐ ഹർത്താൽ: ആഹ്വാനം ചെയ്തവർ 5.2 കോടി കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി, ഇല്ലെങ്കിൽ റവന്യു റിക്കവറി

പിഎഫ്ഐ ഹർത്താൽ: ആഹ്വാനം ചെയ്തവർ 5.2 കോടി കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി, ഇല്ലെങ്കിൽ  റവന്യു റിക്കവറി

സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെ ഉണ്ടായ നാശനഷ്ടങ്ങളിൽ കടുത്ത നടപടിയുമായി ഹൈക്കോടതി. ഹർത്താലിനിടെ ഉണ്ടായ നാശനഷ്ടങ്ങളുടെ പേരിൽ കെഎസ്ആർടിസിയും സർക്കാരും ആവശ്യപ്പെട്ട നഷ്ടപരിഹാരമായ 5 കോടി 20 ലക്ഷം രൂപ കോടതിയിൽ കെട്ടിവയ്ക്കാൻ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. എതിർകക്ഷികളായ പോപ്പുലർ ഫ്രണ്ടും പിഎഫ്ഐ സംസ്ഥാന സെക്രട്ടറി അബ്ദുൾ സത്താറുമാണ് ഈ തുക കെട്ടിവയ്ക്കേണ്ടത്. രണ്ടാഴ്ചയ്ക്കകം തുക കെട്ടിവയ്ക്കണമെന്നും ഡിവിഷൻ ബെ‍ഞ്ച് ഉത്തരവിട്ടു. തുക കെട്ടി വച്ചില്ലെങ്കിൽ റവന്യൂ റിക്കവറി ആക്ട് അനുസരിച്ചുള്ള തുടർനടപടികൾ സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. അർഹരായവർക്ക് പണം നൽകാൻ ക്ലെയിംസ് കമ്മീഷണറേയും ഹൈക്കോടതി നിശ്ചയിച്ചു. അഡ്വ. പി.ഡി.ശാർങധരൻ ആണ് ക്ലെയിംസ് കമ്മീഷണർ.

ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി മുൻപാകെയാണ് തുക കെട്ടി വയ്ക്കേണ്ടത്. ഇങ്ങനെ കെട്ടിവയ്ക്കുന്ന തുക ക്ലെയിംസ് കമ്മീഷണർ മുഖേന വിതരണം ചെയ്യും. സർക്കാരും കെഎസ്ആർടിസിയും നൽകിയ കണക്ക് പ്രകാരമാണ് കോടതി തുക നിശ്ചയിച്ചത്. നഷ്ടം ഇതിലധികമാണെങ്കിൽ ആ തുകയും ക്ലെയിംസ് കമ്മീഷണർക്ക് മുമ്പാകെ കെട്ടിവയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു.