ജോഡോ യാത്രയുടെ ജനപിന്തുണ ബിജെപിയേയും സിപിഎമ്മിനേയും അലോസരപ്പെടുത്തുന്നു: ജയ്റാം രമേശ്

ജോഡോ യാത്രയുടെ ജനപിന്തുണ ബിജെപിയേയും സിപിഎമ്മിനേയും അലോസരപ്പെടുത്തുന്നു: ജയ്റാം രമേശ്

ഭാരത് ജോഡോ യാത്രയുടെ വൻ ജനപിന്തുണ ബിജെപിയേയും സിപിഎമ്മിനേയും അലോസരപ്പെടുത്തുന്നുവെന്ന് മാധ്യമവിഭാഗം ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ്. യാത്രയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നാടകം മാത്രമാണ് ഗവർണർ-സർക്കാർ പോരാട്ടം. കേരളത്തിലെ സിപിഎം, ബിജെപിയുടെ എ ടീമായാണ് പ്രവർത്തിക്കുന്നത്. കേരളത്തിൽ മാത്രമാണ് സിപിഎമ്മിൻറെ ഈ നിലപാട്. കേരളത്തിലെ കോൺഗ്രസിനെ തകർക്കലാണ് സിപിഎമ്മിൻറെ ലക്ഷ്യമെന്നും ജയ്റാം രമേശ് പറഞ്ഞു.
വലിയ ജനപിന്തുണയാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് കേരളത്തിൽ നിന്നും ലഭിക്കുന്നത്. ഇതുപോലെ മറ്റ് സംസ്ഥാനങ്ങളിലും വലിയ പിന്തുണയാണ് യാത്രയ്ക്ക് പ്രതീക്ഷിക്കുന്നത്. യാത്ര കടന്നുപോകാത്ത സംസ്ഥാനങ്ങളിൽ ജോഡോ യാത്രകൾ സംഘടിപ്പിക്കും. രാജ്യത്തെ ഓരോ കോൺഗ്രസ് പ്രവർത്തകനും ഇപ്പോൾ ജോഡോ യാത്രയുടെ ചിന്ത മാത്രമാണ്. അടുത്ത വർഷം പോർബന്തറിൽ നിന്നും അരുണാചലിലേക്ക് യാത്ര നടത്തുമെന്നും ജയ്റാം രമേശ് അറിയിച്ചു.
ഭാരത് ജോഡോ യാത്ര ഇതിനകം 13 ദിവസം കൊണ്ട് 285 കി.മി ദൂരം പിന്നിട്ടു. യാത്രയിൽ 30 ശതമാനം സ്ത്രീകളാണ്.
കോൺഗ്രസിൻറെ പുതിയ മുഖമാണ് ഇപ്പോൾ കാണുന്നത്. 23 ന് യാത്ര അവധിയായിരിക്കും. 29 ന് കേരളത്തിലെ പര്യടനം പൂർത്തിയാക്കും. കോൺഗ്രസ് പാർട്ടി ഇന്ത്യൻ രാഷ്ട്രീയത്തിന് ലഭിച്ച അമൂല്യ സമ്മാനമാണെന്ന് ജയ്റാം രമേശ് അഭിപ്രായപ്പെട്ടു. കോൺഗ്രസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ആർക്കും മത്സരിക്കാമെന്ന് പറഞ്ഞ അദ്ദേഹം ബിജെപിയും സിപിഎമ്മും അടക്കം ഒരു പാർട്ടിയും തങ്ങളുടെ പ്രസിഡൻറിനെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധിയുടെ ത്യാഗം എല്ലാവരും കാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.