രണ്ട് മാസം മുമ്പ് പൂർത്തിയാക്കിയ ശംഖുമുഖം റോഡ് തകർന്നു. മന്ത്രി റിയാസിനെതിരെ വിജിലൻസ് പരാതി

യൂത്ത് കോൺഗ്രസ് പരാതി നൽകി

രണ്ട് മാസം മുമ്പ് പൂർത്തിയാക്കിയ ശംഖുമുഖം റോഡ് തകർന്നു. മന്ത്രി റിയാസിനെതിരെ വിജിലൻസ് പരാതി

  രണ്ടുമാസം മുമ്പ് പണിപൂർത്തിയാക്കിയ തിരുവനന്തപുരം ശംഖുമുഖം റോഡും തകർന്ന സംഭവത്തിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെ വിജിലൻസിൽ പരാതി.

 തിരുവനന്തപുരം-ശംഖുമുഖം എയര്‍പോര്‍ട്ട് റോഡ് നിർമ്മാണത്തിലെ അഴിമതി അന്വേഷിക്കണമെനാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ വീണ എസ് നായരാണ് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയത്. 2018ലെ ഓഖി ദുരന്തത്തെയും കടല്‍ക്ഷോഭത്തെയും തുടർന്ന് തകർന്ന തിരുവനന്തപുരം-ശംഖുമുഖം എയര്‍പോര്‍ട്ട് റോഡ് 12 കോടിയോളം രൂപ ചെലവിട്ട പുനർ നിർമ്മാണത്തിലെ അഴിമതി അന്വേഷിക്കണം എന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ആക്സലറേറ്റഡ് പിഡബ്ല്യുഡി പദ്ധതിയുടെ ഭാ​ഗമായി ഈ റോഡിന്റെ നിർമാണ പുരോ​ഗതി പൊതുമരാമത്ത് മന്ത്രി ഉൾപ്പെടെയുള്ളവർ നേരിട്ടെത്തി ഉറപ്പുവരുത്തിയതാണ്. എന്നാൽ റോഡ് ജനങ്ങൾക്ക് തുറന്നു കൊടുത്തു രണ്ടു മാസത്തിനിപ്പുറം റോഡിനു നടുവിൽ വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നു. റോഡിനടിയിൽ കല്ലുകൾ ഇട്ട് ഉറപ്പിക്കുന്നതിന് പകരം ചെളിനിറച്ചതാണ് ഇതിനു കാരണമെന്നും വലിയ അഴിമതി നടന്നു എന്നുമാണ് പരാതിയിൽ പറയുന്നത്. സംസ്ഥാന ഖജനാവിൽ നിന്നും ഇത്രയും വലിയ തുക ചെലവാക്കി നിർമിച്ച റോഡ് രണ്ടു മാസം കൊണ്ട് പൊട്ടിപ്പൊളിയുന്ന സാഹചര്യത്തിൽ നിർമ്മാണ കരാറും സർക്കാർ ഉദ്യോഗസ്ഥരുടെയും മന്ത്രിയുടെയും പങ്കും അന്വേഷിക്കണമെന്നുമാണ് വീണ നായർ വിജിലൻസ് ഡയറക്ടറോട് ആവശ്യപ്പെട്ടിരിക്കുന്നത്. കുളിമാട് പാലം പൊളിഞ്ഞതിന് പിന്നാലെ നിർമാണത്തിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിടെയാണ് പുതിയ പരാതിയെന്നതും ശ്രദ്ധേയമാണ്.