സൃഷ്ടിക്കുമെന്ന് പറഞ്ഞ രണ്ടുകോടി തൊഴിലവസരങ്ങൾ എവിടെ? : കനയ്യ കുമാർ
കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരെ രൂക്ഷമായ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാര്‍. ഓരോ വര്‍ഷവും രണ്ട് കോടി തൊഴില്‍ അവസരം സൃഷ്ടിക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍ പറഞ്ഞ വാക്ക് മോദി പാലിച്ചില്ലായെന്നും കനയ്യ വിമര്‍ശിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ വാക്കുകളില്‍ നിന്നും പിന്നോട്ട് പോകുകയാണെന്നും ഇന്ത്യയിലെ എല്ലാ മേഖലകളും തകര്‍ന്നടിഞ്ഞിരിക്കുകയാണെന്ന സത്യത്തെ അംഗീകരിക്കാന്‍ അദ്ദേഹം തയ്യാറാകുന്നില്ലെന്നും കനയ്യ കുമാര്‍ പറഞ്ഞു.
പാശ്ചാത്യരാജ്യങ്ങളെ പോലെയല്ല, ഇന്ത്യ. ഇവിടെ നിര്‍ബന്ധിത സൈനിക സേവനമില്ല. ആളുകളെ പിടിച്ചുകൊണ്ടുപോയി സൈന്യത്തില്‍ ചേര്‍ക്കുന്ന പരിപാടിയില്ല. ഇവിടെ ആളുകള്‍ ആര്‍മിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നു. പക്ഷെ സര്‍ക്കാര്‍ അവരെ തടയുകയാണെന്നും അഗ്നിപഥ് പദ്ധതിയില്‍ സര്‍ക്കാര്‍ വെറുതെ ശാഠ്യം പിടിച്ചിരിക്കരുതെന്നും കനയ്യ കുമാര്‍ പ്രതികരിച്ചു.
അഗ്‌നിപഥ് പദ്ധതിയില്‍ പെന്‍ഷന്‍ ഇല്ലെന്നും ടെന്‍ഷന്‍ മാത്രമേ ഉള്ളൂവെന്നും കനയ്യ നേരത്തെ പറഞ്ഞിരുന്നു. മോദി സര്‍ക്കാര്‍ യുവാക്കളെ തൊഴിലില്ലായ്മയിലേക്ക് തള്ളിവിടുകയാണ്. യുവാക്കള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കി കബളിപ്പിക്കുകയാണ് ചെയ്യുന്നത്. സൈന്യം മാര്‍ക്കറ്റ് ചെയ്യേണ്ട ഒന്നല്ല എന്നും നിലവിലെ റിക്രൂട്ട്മെന്റ് രീതിയില്‍ മാറ്റം വരുത്തേണ്ട ആവശ്യം എന്താണെന്നും കനയ്യ കുമാര്‍ ചോദിച്ചു.