രാഷ്ട്രപതി സ്ഥാനാര്‍ത്ഥി കേരളത്തില്‍ നിന്ന് പര്യടനം തുടങ്ങി

രാഷ്ട്രപതി സ്ഥാനാര്‍ത്ഥി കേരളത്തില്‍ നിന്ന് പര്യടനം തുടങ്ങി

തിരുവനന്തപുരം: പ്രതിപക്ഷ പാര്‍ട്ടികളുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയുടെ  പ്രചരണത്തിന് ഇന്ന് കേരളത്തില്‍  തുടക്കം. എല്‍.ഡി.എഫ്, യു.ഡി.എഫ് ജനപ്രതിനിധികളോട് വോട്ട് അഭ്യര്‍ഥിക്കും. നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന്‍ തമ്പി ലോഞ്ചിലാണ് കൂടിക്കാഴ്ച. പ്രചരണത്തിനായി ഇന്നലെ രാത്രി കേരളത്തിലെത്തിയ യശ്വന്ത് സിന്‍ഹയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് നേതാക്കള്‍ സ്വീകരിച്ചു. മാസ്‌ക്കറ്റ് ഹോട്ടലില്‍  വ്യവസായ മന്ത്രി പി രാജീവും സ്വീകരിച്ചു. കേരളം ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന സംസ്ഥാനമാണെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞു. മുഴുവന്‍ വോട്ടും ലഭിക്കുന്ന കേരളത്തില്‍ നിന്ന് പ്രചാരണം തുടങ്ങാനായതില്‍ സന്തോഷമുണ്ടെന്നും  യശ്വന്ത് സിന്‍ഹ പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് എല്‍.ഡി.എഫ് എംപിമാര്‍, എം.എല്‍.എമാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടക്കും. പിന്നീട് യു.ഡി.എഫ് പ്രതിനിധികളോട് വോട്ട് അഭ്യര്‍ഥിക്കും. രാഷ്ട്രപതി സ്ഥാനാര്‍ഥിക്ക് വൈകിട്ട് ഗാന്ധിഭവനില്‍  പൗരസ്വീകരണം നല്‍കും. നാളെ ചൈന്നയിലേക്ക് പോകുന്ന യശ്വന്ത് സിന്‍ഹ തമിഴ്‌നാട്ടിലെ പര്യടനത്തിന് ശേഷം ഗുജറാത്ത്, കര്‍ണാടക, തെലുങ്കാന എന്നിവിടങ്ങളിലും വോട്ട് തേടും.