സ്മൃതി ഇറാനി മാപ്പു പറയണം, അതു വരെ പ്രക്ഷോഭം, രാജ്യസഭ രണ്ടു തവണ നിർത്തി

സ്മൃതി ഇറാനി മാപ്പു പറയണം, അതു വരെ പ്രക്ഷോഭം, രാജ്യസഭ രണ്ടു തവണ നിർത്തി

 കോൺ​ഗ്രസ് പ്രസിഡന്റ് സോണിയ ​ഗാന്ധിയോട് അപമര്യാദയായി പെരുമാറിയ സ്മൃതി ഇറാനി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പാർലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ പ്രതിഷേധം ശക്തമാക്കി. രാജ്യസഭ ഇന്നത്തേക്കു പിരിഞ്ഞു. പ്രതിപക്ഷ എംപിമാർ സഭയ്ക്കു പുറത്ത് ​ഗാന്ധി പ്രതിമയ്ക്കു മുന്നിൽ പ്രകടനം നടത്തുകയും മുദ്രാവാക്യം വിളിക്കുകയുമാണ്. അതിനിടെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ കണ്ടു. ഇതു സ്വകാര്യ സന്ദർശനമാണെന്നാണു വിവരം.
ഇന്നലെയാണ് സ്മൃതി ഇറാനി സോണിയ ​ഗാന്ധിയോട് അപമര്യാദയായി പെരുമാറിയത്. രാഷ്‌ട്രപതിയെ രാഷ്‌ട്രപത്നിയെന്നു വിളിച്ച അധീർ രഞ്ജൻ ചൗധരി ഇക്കാര്യത്തിൽ തനിക്കു നാവ് പിഴ സംഭവിച്ചതാണെന്നു സമ്മതിച്ചെങ്കിലും സോണിയ ​ഗാന്ധി മാപ്പ് പറയണമെന്നായിരുന്നു സ്മൃതിയുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് അവർ വിരൽ ചൂണ്ടി സോണിയയുടെ മുന്നിലേക്കു പാഞ്ഞടുക്കുകയും ചെയ്തു. എന്നാൽ രാഷ്‌ട്രീയ എതിർ ശബ്ദ​ങ്ങളെ നിശബ്ദമാക്കുകയും പ്രതിപക്ഷ നേതാക്കളെ ആക്രമിക്കാൻ മുതിരുകയും ചെയ്യുന്നത് അം​ഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാക്കൾ മുന്നറിയിപ്പ് നൽകി. സഭയിൽ പ്രതിഷേധിച്ച 24 എംപിമാരെ ഇതിനകം സസ്പെൻഡ് ചെയ്യുകയും ചെയ്തു.
ഇന്നു രാവിലെ സഭ ചേർന്ന ഉടൻ പ്രതിപക്ഷ എംപിമാർ മുദ്രാവാക്യം മുഴക്കി. സ്മൃതി ഇറാനി മാപ്പ് പറയാതെ തങ്ങൾ പിന്മാറില്ലെന്ന് അവർ ഏകസ്വരത്തിൽ പറഞ്ഞു. തുടർന്ന് പാർലമെന്റിന്റെ ഇരു സഭകളും നിർത്തിവച്ചു. ഉച്ചയ്ക്ക് 12ന് സഭ വീണ്ടും തുടങ്ങിയെങ്കിലും പ്രതിപക്ഷം തണുത്തില്ല. തുടർന്നാണ് രാജ്യ സഭ ഇന്നത്തേക്കു പിരിഞ്ഞത്. ഇനി തിങ്കളാഴ്ച മാത്രമേ ചേരുകയുള്ളൂ.