മോദിയെ നേരിടാന്‍ രാഹുല്‍ മതിയെന്ന് പ്രശാന്ത് കിഷോര്‍
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുല്‍ ഗാന്ധി തന്നെ നേരിടണമെന്ന് പ്രശാന്ത് കിഷോര്‍. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തിരികെ കൊണ്ടുവരാനുള്ള തന്ത്രങ്ങളുമായി പ്രശാന്ത് കിഷോര്‍ നേതാക്കളുടെ മുന്നില്‍ അവതരിപ്പിച്ച ആദ്യഘട്ട സ്ലൈഡുകളിലാണ് ഈ നിര്‍ദ്ദേശമുള്ളത്. കോണ്‍ഗ്രസ് ശക്തമല്ലെങ്കില്‍ യുപിഎ പ്രവര്‍ത്തന സജ്ജമാകില്ലെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പറയുന്നു. പാര്‍ട്ടിയെ പുനഃസൃഷ്ടിച്ചെടുക്കുകയാണ് വേണ്ടതെന്ന് പ്രശാന്ത് ചൂണ്ടിക്കാട്ടി. സഖ്യ കക്ഷികളുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുക, താഴേത്തട്ടിലുള്ള നേതാക്കളുടെയും പ്രവര്‍ത്തരെയും ശക്തിപ്പെടുത്തുക. പിന്തുണയ്ക്കുന്ന മാധ്യമങ്ങള്‍, ഡിജിറ്റല്‍ പ്രചരണം എന്നിവയില്‍ അനുകൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കണമെന്നും പാര്‍ട്ടി നേതൃത്വത്തിന് മുന്നില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ അവതരിപ്പിച്ച 88 സ്ലൈഡുകളുള്ള പ്രസന്റേഷനിലാണ് ഈ നിര്‍ദേശങ്ങളുള്ളത്. ദി ഹിന്ദുവാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. 600 സ്ലൈഡുകളുള്ള വിശദമായ പ്രസന്റേഷനാണ് ഇന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്‍പില്‍ പ്രശാന്ത് കിഷോര്‍ അവതരിപ്പിക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.