സിൽവർലൈൻ വേണ്ടെന്ന് തീരുമാനിച്ച് കേന്ദ്രം; 25 പുതിയ ട്രെയിനുകളും നേമം ടെർമിനലും പ്രഖ്യാപിച്ചേക്കും
ദക്ഷിണ റെയിൽവേയുടെ നിർദേശങ്ങൾ പരിഗണിച്ച് മെമു അടക്കം കേരളത്തിൽ 25 പുതിയ ട്രെയിനുകൾ കൂടി ആരംഭിക്കാനുള്ള പദ്ധതിയുമായി റെയിൽവേ മന്ത്രാലയം.
നിലവിലുള്ള രീതിയിൽ കെ റെയിലിന് അനുമതി നൽകേണ്ടെന്നു കേന്ദ്രസർക്കാർ തത്വത്തിൽ തീരുമാനിച്ച പശ്ചാത്തലത്തിൽ കേരളത്തിൽ റെയിൽവേ വികസനത്തിനു മന്ത്രാലയം നീക്കം തുടങ്ങിയത്.
റെയിൽവേ മന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് ഇ.ശ്രീധരനുമായി ചർച്ചചെയ്ത് ജനറൽ മാനേജർ തയാറാക്കിയ പദ്ധതി താമസിയാതെ പ്രഖ്യാപിച്ചേക്കും. റെയിൽ വികസനം ചർച്ച ചെയ്യാൻ പാർലമെന്റ് സമ്മേളനകാലത്തുതന്നെ കേരളത്തിലെ എംപിമാരുടെ യോഗം ഡൽഹിയിൽ വിളിക്കാനും ധാരണയായിട്ടുണ്ട്. നേമം ടെർമിനൽ വികസനം ഉറപ്പാക്കും.
നേമം ടെർമിനലിന് ആദ്യഘട്ടത്തിൽ 170 കോടിരൂപയും രണ്ടാം ഘട്ടത്തിൽ 372 കോടി രൂപയും ചെലവഴിക്കാനാണു ധാരണ. പദ്ധതിക്കായി സംസ്ഥാന സർക്കാർ കേന്ദ്രത്തിനു കത്തയയ്ക്കുകയും കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. നഗരങ്ങളെ ബന്ധിപ്പിച്ചു മെമു സർവീസിനും ഇന്റർസിറ്റി എക്സ്പ്രസുകൾക്കുമാണു മന്ത്രാലയത്തിന്റെ മുൻഗണന. അതിനു യോജിച്ച വിധം നിലവിലുള്ള സിഗ്നൽ സംവിധാനം മാറ്റണം.
കേരളത്തിലെ റോഡ് ഗതാഗതത്തിലെ ബുദ്ധിമുട്ടു പരിഹരിക്കാൻ കൂടുതൽ ട്രെയിനുകളാണു വേണ്ടതെന്നും അതിനു വേണ്ടി വലിയ സാമ്പത്തിക ബാധ്യതയില്ലാതെ സിഗ്നലുകൾ മാറ്റാൻ കഴിയുമെന്നും ഇ.ശ്രീധരൻ പറഞ്ഞു. ഒന്നോ രണ്ടോ ജില്ലകളെ പരസ്പരം ബന്ധിപ്പിക്കുന്ന രീതിയിൽ മെമു സർവീസുകൾക്കു വലിയ സാധ്യതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.