പ്ലസ് വൺ ട്രയൽ അലോട്ട്‌മെന്റിൽ നട്ടംതിരിഞ്ഞ് വിദ്യാർഥികൾ
പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ട്രയൽ അലോട്‌മെന്റ് പ്രസിദ്ധീകരിച്ചിട്ടും പരിശോധിക്കാനാവാതെ ദുരിതത്തിലായി വിദ്യാർഥികൾ.
ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചതോടെ വിദ്യാർഥികൾ ട്രയൽ അലോട്ട്മെന്റ് പരിശോധിക്കുന്നതിന്നും തെറ്റുകൾ തിരുത്തുന്നതിനുമായി വെബ്സൈറ്റിൽ പ്രവേശിക്കാൻ ശ്രമിച്ച വിദ്യാർഥികൾ നിരാശരായി. വിദ്യാർഥികളുടെ ബാഹുല്യം കാരണം സൈറ്റ് ബ്ലോക്കായതാണെന്നാണ് ഈ സമയത്ത് വിദ്യാഭ്യാസ വകുപ്പിൽ നിന്നും മന്ത്രിയുടെ ഓഫീസിൽ വന്ന വിശദീകരണം. എന്നാൽ നാലേ മുക്കാൽ ലക്ഷത്തോളം വിദ്യാർഥികൾ അപേക്ഷ നൽകിയിട്ടും സൈറ്റിൽ വേണ്ടത്ര ക്രമീകരണം നടത്താത്തതിൽ വലിയ വിമർശനമാണ് ഉയർന്നിരിക്കുന്നത്. ട്രയൽ അലോട്‌മെന്റിന്റെ സ്ഥിതി അറിഞ്ഞ ശേഷം അപേക്ഷയിലെ തെറ്റുകൾ തിരുത്തേണ്ടതായുണ്ട്. ഇതിനായി 31 ന് വൈകുന്നേരം അഞ്ചുമണി വരെയാണ് സമയം നൽകിയത്. എന്നാൽ സൈറ്റ് തുറക്കാൻ പോലും ഒരു ദിവസം വൈകിയ സാഹചര്യത്തിൽ ഇത് നീട്ടി നൽകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. തെറ്റുതിരുത്തൽ സമയം നീട്ടി നൽകിയാൽ ആദ്യ അലോട്‌മെന്റ് പ്രസിദ്ധീകരിക്കുന്നതും നീളാൻ സാധ്യതയുണ്ട്.