വളപട്ടണം ഐഎസ് കേസ്; ഒന്നാം പ്രതിക്കും അഞ്ചാം പ്രതിക്കും ശിക്ഷ വിധിച്ചു

വളപട്ടണം ഐഎസ് കേസ്; ഒന്നാം പ്രതിക്കും അഞ്ചാം പ്രതിക്കും ശിക്ഷ വിധിച്ചു

 വളപട്ടണം ഐഎസ് കേസിൽ ഒന്നാം പ്രതിക്കും അഞ്ചാം പ്രതിക്കും ഏഴ് വർഷം തടവും 50,000 രൂപ പിഴയും, രണ്ടാം പ്രതിക്ക് ആറ് വർഷം തടവും മുപ്പതിനായിരം രൂപ പിഴയും കൊച്ചി എൻഐഎ കോടതി ശിക്ഷയായി വിധിച്ചു. ചക്കരക്കല്ല് മണ്ടേരി മിഥിലജ്, ചിറക്കര യൂസഫ് എന്നിവരാണ് ഒന്നും അഞ്ചും പ്രതികൾ. വളപട്ടണം ചെക്കിക്കുളം സ്വദേശി കെവി അബ്ദുൾ റസാഖാണ് കേസിലെ രണ്ടാം പ്രതി. മൂവരും കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. പ്രതികൾ രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ പദ്ധതിയിട്ടിരുന്നതായും കോടതി വിധിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യാന്തര ഭീകരസംഘടനയായ ഐഎസിന് വേണ്ടി പോരാടാൻ വളപട്ടണത്ത് നിന്ന് സിറിയയിലേക്ക് യുവാക്കളെ കടത്താൻ ശ്രമിച്ചു എന്നതാണ് ഇവർക്കെതിരായ കേസ്. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തി വളപട്ടണം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ മൂന്നു പ്രതികളുടെ വിചാരണയാണ് പൂർത്തിയാക്കിയത്.