ഫോണിലെ ശബ്ദം സുരേന്ദ്രന്റേത് തന്നെ: തെരഞ്ഞെടുപ്പ് കോഴ കേസ് ക്രൈംബ്രാഞ്ച് കുറ്റപത്രം ഉടൻ
തെരഞ്ഞെടുപ്പ് കോഴക്കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഫോണ്‍ സംഭാഷണം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റേത് തന്നെയെന്ന് സ്ഥിരീകരിച്ച് ഫോറന്‍സിക്കിന്റെ ശബ്ദ പരിശോധന റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് കൈമാറി.
പ്രസീത അഴിക്കോട് പുറത്തുവിട്ട ഫോണ്‍ സംഭാഷണത്തിലെ ശബ്ദം സുരേന്ദ്രന്റേതാണെന്ന് തെളിഞ്ഞിരിക്കുകയാണ്. കേസിൽ പ്രസീത അഴിക്കോട് പുറത്തുവിട്ട ഫോണ്‍ സംഭാഷണമാണ് പ്രധാന തെളിവ്.
പതിനാല് ഇലക്ട്രോണിക് ഉപകരണങ്ങളുടെയും റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് ലഭിച്ചു. ഇനി ലഭിക്കാനുള്ളത് ഒരു ഫോണിലെ വിവരം മാത്രമാണ്. കെ. സുരേന്ദ്രന്, സി.കെ ജാനു എന്നിവര്‍ക്കെതിരെ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.
ജെആര്‍പി നേതാവ് സി.കെ ജാനുവിന് കൊടുത്ത പണത്തിന്റെ കണക്കാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്നിരുന്നത്. സുരേന്ദ്രന് പുറമേ സി.കെ ജാനു, പ്രസീത അഴിക്കോട്, വയനാട്ടിലെ ബിജെപി നേതാവ് പ്രശാന്ത് മലവയല്‍ എന്നിവരുടെ ശബ്ദവും തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ സി.കെ ജാനുവിന് സുരേന്ദ്രന് 35 ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് കേസ്.