ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നു . പി സി ജോര്‍ജിന്റെ പങ്കും അന്വേഷിക്കണം: കെ ടി ജലീൽ
എത്ര അന്വേഷിച്ചാലും ഒന്നും കണ്ടെത്താൻ കഴിയില്ല
സ്വര്‍ണക്കടത്ത് കേസിലെ പ്രതി മുഖ്യമന്ത്രിക്കും കുടുംബത്തിനും വ്യകതിപരമായി തനിക്കും എതിരെ ഉന്നയിച്ചത് കള്ള ആരോപണമാണെന്നും അതിനെതിരെ തിരുവനന്തപുരത്തെ കന്റോണ്‍മെന്റ് പോലീസിലെത്തി പരാതി നല്‍കിയിട്ടുണ്ടെന്നും കെ ടി ജലീൽ എം എൽ എ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിൻറെ പുതിയ വെളിപ്പെടുത്തലിന് പിന്നിൽ ഗൂഢാലോചനയുണ്ട്. സ്വപ്‌ന തെറ്റായ ആരോപണം ഉന്നയിച്ചതിനതിരേയും ഇതിന് പിന്നില്‍ പി സി ജോര്‍ജ് അടക്കമുള്ളവര്‍ നടത്തിയ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
സ്വപ്‌ന പറഞ്ഞത് എല്ലാം മസാല തേച്ച് വീണ്ടും അവതരിപ്പിക്കുകയാണ്. നേരത്തെ മൂന്ന് അന്വേഷണ ഏജന്‍സികള്‍ തിരിച്ചും മറിച്ചും അന്വേഷിച്ചിട്ടും ഒരു ചുക്കും കണ്ടെത്തിയിട്ടില്ല. ഇനിയും അന്വേഷിച്ചാലും, ലോകാവസാനം വരെ അന്വേഷിച്ചാലും അവര്‍ക്ക് ഒന്നും കണ്ടെത്താന്‍ കഴിയില്ല. കാരണം അസത്യമായത് സത്യമാണെന്ന് തെളിയിക്കാന്‍ ഏത് അന്വേഷണ ഏജന്‍സികള്‍ക്കാണ് പറ്റുക.
ബി ജെ പിയുടെ പ്രേരണയില്‍ നടക്കുന്ന ഗൂഢാലോചനക്ക് യു ഡി എഫ് ഇന്ധനം നല്‍കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല. ഈ ആരോപണം കേട്ട് പ്രക്ഷോഭത്തിന് ഇറങ്ങുന്നവര്‍ ദുഖിക്കണ്ടി വരും.
പി സി ജോര്‍ജും സ്വപ്‌നയും തമ്മില്‍ നടത്തിയ ഗൂഢാലോചന ക്ലിപ്പുകള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഈ സാഹചര്യത്തില്‍ ഇത് സംബന്ധിച്ചും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പി സി ജോര്‍ജ് നടത്തിയ വര്‍ഗീയ പരാമര്‍ശത്തില്‍ സര്‍ക്കാര്‍ കര്‍ശന നടപടി എടുത്തു. യു ഡി എഫ് ഭരിക്കുമ്പോള്‍ പി സി ജോര്‍ജിനെ ഇങ്ങനെ ജയിലിലടക്കുമായിരുന്നോ?. പി സി ജോര്‍ജിന് എന്തും പറയാം. അദ്ദേഹം അങ്ങനെയുള്ള വ്യക്തിയാണെന്ന് കേരളത്തിലെ ജനങ്ങള്‍ മനസ്സിലാക്കിയതാണ്. കോണ്‍ഗ്രസും ലീഗും ബി ജെ പിയും ഒരുമിച്ച് ഇടതുപക്ഷത്തിനെ തകര്‍ക്കാര്‍ കേരളത്തില്‍ ഒരുമിച്ച് നീങ്ങുകയാണെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു