ഉമയെ ഏകപക്ഷീയമായി പ്രഖ്യാപിക്കില്ല; തൃക്കാക്കര കോണ്‍ഗ്രസിന് തലവേദനയാകുമോ
തൃക്കാക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം തീരുമാനിച്ചാല്‍ മതിയെന്ന് നേതൃത്വം. എന്നാല്‍ജില്ലയിലെ നേതാക്കളോട് കൂടി ആലോചിച്ചതിന് ശേഷമേ കെപിസിസി നേതൃത്വം സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കുകയുള്ളുവെന്ന് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷിയാസ് സ്വാകാര്യ മാധ്യമത്തിനോട് പറഞ്ഞു. കെ പി സി സി അധ്യക്ഷന്‍ കെ.സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെയും സാന്നിധ്യത്തില്‍ ഇന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃയോഗം ചേരും. ഉപതെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ യോഗം വിലയിരുത്തും. പി.ടി.തോമസിന്റെ ഭാര്യ ഉമാ തോമസിനെ തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കാന്‍ കെപിസിസി നേതൃത്വം ഏകപക്ഷീയമായി ശ്രമിക്കുന്നുവെന്നാരോപിച്ച് ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ ഇടഞ്ഞിരുന്നു. ജില്ലയിലെ നേതാക്കളോട് കൂടിയാലോചിക്കാതെ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചാല്‍ പ്രവര്‍ത്തിക്കാനും അവരേ ഉണ്ടാകു എന്ന് നേതാക്കള്‍ മുന്നറിയിപ്പും നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും വരെ സ്ഥാനാര്‍ത്ഥിയെ ചൊല്ലി പോര് വേണ്ടെന്ന തീരുമാനത്തിലാണ് നേതൃത്വം. ജില്ലയില്‍ നിന്നുള്ള നേതാക്കളോട് കൂടി ആലോചിച്ചതിന് ശേഷമേ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കുകയുള്ളൂവെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.