റേഷൻകടയിൽ മോദിയുടെ ഫോട്ടോ വെയ്ക്കാത്തതിന് പരസ്യമായി കലക്ടറെ ശാസിച്ച് കേന്ദ്രമന്ത്രി

റേഷൻകടയിൽ മോദിയുടെ ഫോട്ടോ വെയ്ക്കാത്തതിന്  പരസ്യമായി കലക്ടറെ  ശാസിച്ച് കേന്ദ്രമന്ത്രി

 തെലങ്കാനയിലെ റേഷൻ കടകളുടെ മുന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഇല്ലാത്തതിൽ പ്രകോപിതയായ കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ തെലങ്കാന കലക്ടറെ പരസ്യമായി ശാസിച്ചത് വിവാദമായി.

ബി.ജെ.പിയുടെ ലോക്സഭ പ്രവാസ് യോജനയുടെ ഭാഗമായാണ് നിർമല സീതാരാമൻ സഹീറാബാദ് നിയോജക മണ്ഡലത്തിൽ സന്ദർശനത്തിന് എത്തിയത്.പ്രധാനമന്ത്രിയുടെ ഗരീബ് യോജന പദ്ധതി പ്രകാരം ദരിദ്ര വിഭാഗങ്ങൾക്ക് സൗജന്യമായാണ് റേഷൻ കടകളിൽ നിന്ന് അരി വിതരണം ചെയ്യുന്നത്. കോവിഡ് കാലം മുതൽ തുടങ്ങിയ പദ്ധതി ഇപ്പോഴും തുടരുകയാണ്. എന്നാൽ തെലങ്കാനയിലെ റേഷൻ കടകളുടെ മുന്നിൽ മോദിയുടെ ചിത്രമുള്ള ഫ്ലക്സ് ബോർഡുകൾ ഉണ്ടായിരുന്നില്ല. ബിർകൂറിലെ റേഷൻ കടകളിൽ പരിശോധന നടത്തവെയാണ്  എന്തുകൊണ്ടാണ് മോദിയുടെ ചിത്രം ഇല്ലാത്തതെന്ന കാര്യം കേന്ദ്രമന്ത്രി കലക്ടർ ജിതേഷ് പിള്ളയോട് ചോദിച്ചത്.

”നിങ്ങൾ തെലങ്കാന കേഡറിലെ ഐ.എ.എസ് ഓഫിസറാണ്. നിങ്ങൾ പറയുന്നത് ​സംസ്ഥാനം 34 രൂപ അരിക്ക് നൽകുന്നുവെന്നാണ്? നിങ്ങൾ ഉത്തരം പറയുന്നതിന് മുമ്പ് ഒരുവട്ടം കൂടി ആലോചിക്കുന്നത് നല്ലതായിരിക്കും​”  എന്നും കേന്ദ്രമന്ത്രി കലക്ട​ർക്ക് താക്കീത് നൽകി.

സംഭവത്തിൽ തെലങ്കാന മന്ത്രി കെ.ടി. രാമ റാവു നടുക്കം പ്രകടിപ്പിച്ചു. കലക്ടറോട് ഇത്തരത്തിൽ മോശമായി പെരുമാറിയ കേന്ദ്രമന്ത്രിയുടെ പ്രവൃത്തി നടുക്കമുണ്ടാക്കു​ന്നുവെന്നായിരുന്നു കെ.ടി.ആറിന്റെ ട്വീറ്റ്.   മന്ത്രിയുടെ പെരുമാറ്റത്തിനിടെ സംയമനം പാലിച്ച കലക്ടറെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.