വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ്പിനെതിരെ കേന്ദ്രം

എയർസ്ട്രിപ്പ് പെരിയാർ കടുവാ സാങ്കേതത്തിന് ഭീഷണി

വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ്പിനെതിരെ കേന്ദ്രം

ഇടുക്കി വണ്ടിപ്പെരിയാർ സത്രം എന്ന സ്ഥലത്ത് സ്ഥാപിക്കാനിരുന്ന എയർസ്ട്രിപ്പിനെതിരെ കേന്ദ്രസർക്കാർ. പെരിയാർ കടുവാ സാങ്കേതത്തിന് എയർസ്ട്രിപ്പ് ഭീഷണിയാകുമെന്ന കാരണത്താലാണ് കേന്ദ്രം എതിർക്കുന്നത്. എൻസിസി കെഡറ്റുകൾക്കുവേണ്ടി സംസ്ഥാന പി ഡബ്ല്യൂ ഡി യാണ് എയർസ്ട്രിപ്പ് നിർമ്മിക്കുന്നത്.

നിർമ്മാണം ചോദ്യം ചെയ്ത് തൊടുപുഴ സ്വദേശി എം എൻ ജയചന്ദ്രൻ ഹൈക്കോടതിയിൽ സമർപ്പിച്ച പൊതു താത്പര്യ ഹർജിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പെരിയാർ കടുവാ സങ്കേതത്തിനു സത്രം എയർസ്ട്രിപ്പ് ഭീഷണിയാണെന്നു വ്യക്തമാക്കി. വനത്തോട് ചേർന്ന് എയർസ്ട്രിപ്പ് സ്ഥാപിക്കുന്നത് ആവാസ വ്യവസ്ഥയെ ബാധിക്കുമെന്നും, 4.85 ഹെക്ടർ വനഭൂമിയിൽ പാരിസ്ഥിതികാഘാതപഠനം നടത്താതെയും, വനം പരിസ്ഥിതി അധികൃതരുടെ അനുമതിയില്ലാതെയുമാണ് എയർസ്ട്രിപ്പ് നിർമ്മിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയിൽ ഹരജി നൽകിയത്. വണ്ടിപ്പെരിയാറിനടുത്ത് സത്രം ഭാഗത്ത് എയർസ്ട്രിപ്പ് നിർമ്മിക്കുന്നതിന് സംസ്ഥാന സർക്കാർ അനുമതി തേടിയിട്ടില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. പദ്ധതിക്കായി മുൻകൂർ അനുമതി തേടിയിട്ടില്ലെന്നും, വനം മന്ത്രാലയത്തിന്റെ അനുമതി പദ്ധതിക്ക് ആവശ്യമാണെന്നുമാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്. പെരിയാർ കടുവാ സങ്കേതത്തിൽ നിന്ന് 630 മീറ്റർ അകലെ മാത്രമാണ് പദ്ധതി മേഖലയെന്നും സങ്കേതത്തിനു പാരിസ്ഥിതികമായി ബാധിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. മൃഗങ്ങളുടെ സഞ്ചാരപാതയെ ബാധിക്കും എന്ന് മാത്രമല്ല അവയുടെ ആവാസ വ്യവസ്ഥയെ തകർച്ചയ്ക്ക് കാരണമാകും. മൃഗങ്ങളുടെ പ്രജനന ശേഷി കുറയ്ക്കുമെന്നും വനമേഖലയിലേക്ക് ഓരോ സീസൺ സമയങ്ങളിലും വരുന്ന പക്ഷികൾ വരവിനെ ബാധിക്കും. പാരിസ്ഥിതിക ദുർബല മേഖലയിൽ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതിന് മുൻകൂർ അനുമതി വേണമെന്ന വ്യവസ്ഥകൾ പാലിച്ചില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.