എൻസിപി യിൽ പോര് രൂക്ഷം: കന്നിക്കാരും പഴമക്കാരും തമ്മിൽ

ലതിക സുഭാഷിന്റെ സ്ഥാനം തെറിച്ചേക്കും.

എൻസിപി യിൽ പോര് രൂക്ഷം: കന്നിക്കാരും പഴമക്കാരും തമ്മിൽ

 കേരള വനംവികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണ്‍ ലതികാ സുഭാഷും വനംമന്ത്രി എകെ ശശീന്ദ്രനും തമ്മിലുള്ള രൂക്ഷമായ പോര്  എൻ സി പിയില്‍ പുതുതായി വന്നവരും പഴയവരും  തമ്മിലുള്ള കലഹമായി  പുതിയ തലത്തിലേക്ക് എത്തിയിരിക്കുന്നു.  വനം വികസന കോര്‍പറേഷന്‍ സ്ഥാനത്തുനിന്നും ലതിക ഉടനെ തെറിച്ചേക്കുമെന്നാണ് സൂചന.

അതിനിടെ മന്ത്രിക്കെതിരെ ചെയര്‍പേഴ്‌സണും ചില നീക്കങ്ങള്‍ നടത്തുന്നുണ്ട്. വനം വകുപ്പിലെ ചില കരാര്‍ നിയമനങ്ങള്‍ മന്ത്രിക്ക് വേണ്ടിയാണെന്നാണ് ആക്ഷേപം. ഇതു സംബന്ധിച്ച പരാതികള്‍ വനം വകുപ്പ് സെക്രട്ടറിക്ക് നല്‍കിയതായാണ് വിവരം.
ലതികാ സുഭാഷിനെതിരെ വനം വികസന കോര്‍പറേഷന്‍ എംഡിയെ മുന്‍നിര്‍ത്തിയാണ് മന്ത്രിയുടെ നീക്കമെന്നാണ് സൂചന. ലതികയും മാനേജിങ് ഡയറക്ടര്‍ പ്രകൃതി ശ്രീവാസ്തവയും തമ്മിലും പോര് രൂക്ഷമാണ്. ചെയര്‍പേഴ്‌സണ്‍ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തുവെന്ന പരാതിയില്‍ നടപടിയും എംഡി നിര്‍ദേശിച്ചിട്ടുണ്ട്.

ജനുവരി ഒന്നുമുതല്‍ ഏപ്രില്‍ 30 വരെ ലതികാ സുഭാഷ് ഔദ്യോഗിക വാഹനം ഉപയോഗിച്ച് 7,354 കിലോമീറ്റര്‍ സ്വകാര്യയാത്ര നടത്തിയതായാണ് കണ്ടെത്തിയത്. ഇതിന് നഷ്ടപരിഹാരമായി 97,140 രൂപ ജൂണ്‍ 30-നുമുമ്പ് അടയ്ക്കണമെന്നാണ് നിര്‍ദേശം. പണം തിരിച്ചടച്ചില്ലെങ്കില്‍ ഓണറേറിയത്തില്‍നിന്ന് തുക ഈടാക്കുമെന്നാണ് എംഡി ചെയര്‍പേഴ്‌സണു നല്‍കിയ കത്തിലുള്ളത്.
ലതികാ സുഭാഷിന്റെ പ്രൈവറ്റ് സെക്രട്ടറി അടക്കമുള്ള താത്കാലിക ജീവനക്കാരെ കഴിഞ്ഞയാഴ്ച എംഡി പിരിച്ചുവിട്ടിരുന്നു. വിവിധ തസ്തികകളിലേക്ക് ചെയര്‍പേഴ്സന്റെ ശുപാര്‍ശയില്‍ നിയമിച്ചവരെയാണ് ജോലിയില്‍നിന്ന് ഒഴിവാക്കിയത്. ചെയര്‍പേഴ്സന്റെ ഡ്രൈവറെയും പിരിച്ചുവിട്ടിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കോൺഗ്രസ്സിൽ കലാപമുണ്ടാക്കി തലമുണ്ഡനം ചെയ്താണ്  ലതിക സുഭാഷ് കോൺഗ്രസ് വിട്ടത്.