മുസ്‌ലിം ലീഗും നാട്ടുകാരും ബന്ധുക്കളായി; 19 കാരിക്ക് ക്ഷേത്രത്തിൽവെച്ച് കല്യാണം കെങ്കേമം!

മുസ്‌ലിം ലീഗും നാട്ടുകാരും ബന്ധുക്കളായി; 19 കാരിക്ക് ക്ഷേത്രത്തിൽവെച്ച് കല്യാണം കെങ്കേമം!

വലിയോറ മനാട്ടിപ്പറമ്പ് റോസ് മാനർ അഗതിമന്ദിരത്തിലെ അന്തേവാസിയായ ഗിരിജയുടെ (19) കല്യാണമായിരുന്നു ഇന്ന്. മതങ്ങളുടെ വേലിക്കെട്ടുകൾ ഇല്ലാതെ ഹിന്ദു പെണ്കുട്ടിയുടെ കല്യാണം വളരെ ഗംഭീരമായി ക്ഷേത്രത്തിൽ വെച്ച് നടത്തി കൊടുത്ത മുസ്‌ലിം ലീഗിന്റെ മാനവിക സ്നേഹത്തിന്റെ ഉദാഹരണമായിരുന്നു അത്.

ആ കല്യാണത്തിന് പങ്കെടുത്ത മുസ്ലിം ലീഗ്‌ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ യുടെ ഫേസ്ബുക്ക് പോസ്റ്റ് മാനവമൈത്രിയുടെ സന്ദേശം വിളിച്ചോതുന്നു.


ഗിരിജയുടെ കല്യാണം കൂടിയതിന് ശേഷം പി കെ കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിന്റെ പൂർണ്ണ രൂപം :

ഇന്നത്തെ ദിവസത്തെ സന്തോഷത്തിന് സമാനതകളില്ല.

വേങ്ങര മനാട്ടിപ്പറമ്പ് റോസ് മനാർ ഷോർട്ട് സ്റ്റേ ഹോമിലെ പാലക്കാട്ടുകാരി ഗിരിജയുടെ കഴുത്തിൽ വേങ്ങര അമ്മാഞ്ചേരിക്കാവ് ഭഗവതി ക്ഷേത്ര സന്നിധിയിൽ വെച്ച് എടയൂരിലെ ബാലന്റെ മകൻ രാകേഷ് മിന്ന് ചാർത്തി.

വളരെ ചെറുപ്പത്തിൽ അമ്മയോടൊപ്പം റോസ് മനാറിലെത്തിയ ഗിരിജക്ക് പിന്നേ സ്വന്തക്കാരും, ബന്ധുക്കളുമൊക്കെ ഈ നാട്ടുകാരായിരുന്നു. അവളുടെ കല്യാണം അവർ ആഘോഷപൂർവ്വം കൊണ്ടാടുന്ന കാഴ്ചക്ക് ക്ഷേത്ര സന്നിധിയിൽ സാക്ഷ്യം വഹിക്കാനായത് ജീവിതത്തിലെ ഏറ്റവും ധന്യമായ അനുഭവങ്ങളിലൊന്നായി.

കല്യാണം വിളിച്ചതും, ഒരുക്കിയതും, അമ്പലപ്പറമ്പിൽ അതിഥികളെ സ്വീകരിച്ചതും, വലിയ പന്തലൊരുക്കി സദ്യ വിളമ്പിയതും വേങ്ങര മനാട്ടിപറമ്പിലെ മുസ്ലിം ലീഗ്, യൂത്ത് ലീഗ് പ്രവർത്തകർ. എല്ലാത്തിനും ചേർന്ന് നിന്ന് ക്ഷേത്ര ഭാരവാഹികൾ. സ്നേഹവും, പിന്തുണയുമായി ഒരു നാട് മുഴുവൻ കൂടിയപ്പോൾ കല്യാണം ഗംഭീരമായി.

എന്റെ നാടിന്റെ നന്മ മുഴുവൻ തെളിഞ്ഞു കണ്ട സുന്ദര മുഹൂർത്തത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷവും, അഭിമാനവുമുണ്ട്.
സ്നേഹത്തോടെ രാകേഷ് ഗിരിജ ദമ്പതികൾക്ക് മംഗളാശംസകൾ നേരുന്നു. ഒപ്പം എന്റെ പ്രിയപ്പെട്ട മുസ്ലിം ലീഗ് പ്രവർത്തകരോടൊപ്പം അഭിമാനത്തോടെ ചേർന്ന് നില്കുന്നു.