ഞാൻ റബ്ബർ സ്റ്റാമ്പെന്ന് കരുതണ്ട : നിയമഭേദഗതി ബില്ലുകളിൽ ഒപ്പിടില്ലെന്ന സൂചനയോടെ ഗവർണർ
പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ത്ത് പാസാക്കിയ സര്‍വകലാശാല, ലോകായുക്ത നിയമഭേദഗതി ബില്ലുകളില്‍ ഒപ്പിടില്ലെന്ന സൂചനയോടെ, സംസ്ഥാന സർക്കാരിനും ഭരണകക്ഷിക്കുമെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിലപാട് കടുപ്പിച്ചു.
താൻ റബർ സ്റ്റാംപ് അല്ലെന്ന് തുറന്നടിച്ച ഗവർണർ, നിയമവിരുദ്ധമായി ചെയ്ത കാര്യങ്ങളെല്ലാം നിയമപരമാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ബില്ലുകള്‍ സര്‍ക്കാര്‍ തയാറാക്കിയതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വിമര്‍ശിച്ചു. സര്‍വകലാശാലകളിലെ ബന്ധു നിയമനങ്ങള്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന ഗുരുതര ആരോപണവും ഗവര്‍ണര്‍ ഉയര്‍ത്തി.
ഓര്‍ഡിനന്‍സ് രാജ് എന്ന വിമര്‍ശനം മറികടക്കാന്‍ നിയമസഭയില്‍ ബില്ലുകള്‍ പാസാക്കി സര്‍ക്കാര്‍ രാജ്ഭവന് കൈമാറിയെങ്കിലും അനുനയത്തിനില്ല എന്ന സൂചനയാണ് ഗവര്‍ണറുടെ വാക്കുകളിലുളളത്. ഭരണഘടനയും നിയമവും കീഴ് വഴക്കങ്ങളും നോക്കി മാത്രമാകും ബില്ലുകളില്‍ ഒപ്പിടുന്ന കാര്യത്തില്‍ തീരുമാനമെന്നും സര്‍വകലാശാലകളുടെ സ്വയംഭരണ അവകാശം നിഷേധിക്കുന്ന ഒരു ഭേദഗതിയ്ക്കും കൂട്ടുനില്‍ക്കില്ലെന്നും ഗവര്‍ണര്‍ അറിയിച്ചു. പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്‍റെ ഭാര്യയ്ക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമനം നല്‍കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന സൂചനയും ഗവര്‍ണറുടെ വാക്കുകളിൽ വ്യക്തമായിരുന്നു.