അമിത വേഗത ചൂണ്ടിക്കാട്ടി രണ്ട് തവണ സന്ദേശമയച്ചു; ഗതാഗത കമ്മീഷണർ എസ്. ശ്രീജിത്ത്

അമിത വേഗത ചൂണ്ടിക്കാട്ടി രണ്ട് തവണ സന്ദേശമയച്ചു;  ഗതാഗത കമ്മീഷണർ എസ്. ശ്രീജിത്ത്

ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽ കുറ്റക്കാർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ഗതാഗത കമ്മീഷണർ എസ്. ശ്രീജിത്ത്. അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസ് അമിത വേഗത്തിലായിരുന്നുവെന്നും വേഗം കൂട്ടാനായി വാഹനത്തിലെ സ്പീഡ് ഗവേർണർ സംവിധാനത്തിൽ മാറ്റംവരുത്തിയെന്ന് കണ്ടെത്തിയതായും ട്രാൻസ്പോർട്ട് കമ്മീഷണർ പറഞ്ഞു.

അപകടത്തിന് തൊട്ടുമുമ്പ് ബസ് അമിത വേഗതയിലാണെന്ന് ചൂണ്ടിക്കാട്ടി ബസുടമയുടെ മൊബൈൽ ഫോണിലേക്ക് രണ്ട് തവണ സന്ദേശം എത്തിയിരുന്നു. അപകടമുണ്ടാകുമ്പോൾ ബസ് 97 കിലോമീറ്റർ വേഗതയിലായിരുന്നു. ഈ വാഹനത്തിലെ സ്പീഡ് ഗവേർണർ സംവിധാനത്തിൽ പരമാവധി 80 കിലോമീറ്റർ വേഗമാണ് കമ്പനി നിശ്ചയിച്ചിരുന്നത്. എന്നാൽ 100 കിലോമീറ്റർ വരെ വേഗത്തിൽ പോകാവുന്ന വിധത്തിൽ അതിൽ മാറ്റംവരുത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയതായും ശ്രീജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

ബൂഫർ, ലൈറ്റിങ് ഉൾപ്പെടെയുള്ള പല മാറ്റവും വാഹനത്തിൽ വരുത്തിയിട്ടുണ്ട്. ഇതെല്ലാം നിയമലംഘനമാണ്. കുട്ടികളുടെ വിനോദയാത്രയ്ക്കായി രൂപമാറ്റം വരുത്തിയ വാഹനങ്ങളാണ് പല വിദ്യാലയങ്ങളും ആവശ്യപ്പെടുന്നതും താത്പര്യപ്പെടുന്നതും. അപകടങ്ങൾ കുറയ്ക്കാൻ വിദ്യാലയങ്ങളും ബസ് ഉടമകളും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും വിനോദയാത്രയ്ക്ക് വാഹനങ്ങൾ ഏർപ്പെടുത്തുമ്പോൾ ട്രാൻസ്പോർട്ട് വിഭാഗവുമായി ബന്ധപ്പെടണമെന്നും ട്രാൻസ്പോർട് കമ്മീഷണർ നിർദേശിച്ചു.

മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനാ വേളയിൽ പെട്ടെന്ന് അഴിച്ചുമാറ്റാവുന്ന തരത്തിലാണ് പല ബസുകളിലും ഇപ്പോൾ എക്സ്ട്രാ ഫിറ്റിങ്സുകൾ ഘടിപ്പിക്കുന്നത്. പരിശോധനാ സമയത്ത് അഴിച്ചുമാറ്റിയശേഷം പിന്നീട് വീണ്ടും ഇവ ഘടിപ്പിച്ചാണ് പല ബസുകളും ഓടുന്നത്. ഇതിനുപുറമേ ബസുകളിൽ വേഗപരിധി മറികടക്കാൻ കൃത്രിമത്വം കാണിക്കുന്നത് കണ്ടെത്താൻ പരിശോധന വ്യാപകമാക്കുമെന്നും കുറ്റക്കാർക്കെതിരേ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും ഗതാഗത കമ്മീഷണർ പറഞ്ഞു.