മലപ്പുറത്ത് വൻതോതിൽ സ്ഫോടക വസ്തുക്കൾ പിടികൂടിയ സംഭവം; 5 ജില്ലകളിൽ NIA പരിശോധന
മലപ്പുറത്ത് വൻതോതിൽ സ്ഫോടക വസ്തുക്കൾ പിടികൂടിയ സംഭവം; 5 ജില്ലകളിൽ NIA പരിശോധന
കോഴിക്കോട്: മലപ്പുറം ചെമ്മാട് വൻതോതിൽ സ്ഫോടക വസ്തുക്കൾ പിടികൂടിയ കേസിൽ അഞ്ച് ജില്ലകളിൽ എൻഐഎ റെയ്ഡ്. മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് എൻഐഎ പരിശോധന. കാസർകോട് നടത്തിയ പരിശോധനയിൽ കടുമേനി സ്വദേശി ജോർജിന്റെ വീട്ടിൽ നിന്ന് അഞ്ചുവർഷം പഴക്കമുള്ള ജലാറ്റിൻ സ്റ്റിക്കുകൾ പിടികൂടി.കഴിഞ്ഞ ഫെബ്രുവരിയിലാണ് ക്വാറിയിലേക്കെന്ന് കരുതിയ ഒരു ലോറിയിൽ നിന്ന് വൻ തോതിൽ സ്ഫോടകവസ്ത്തുക്കൾ പിടികൂടുന്നത്. ഉള്ളി ചാക്കിൽ ഒളിപ്പിച്ച നിലയിലാണ് അന്ന് സ്ഫോടക വസ്തുക്കൾ പിടികൂടിയത്. കേസിലെ പ്രതികളെ പിന്നാലെ പിടികൂടിയിരുന്നു. മുക്കം സ്വദേശികളായിരുന്നു പ്രതികൾ. ഈ മേഖലകൾ കേന്ദ്രീകരിച്ച് കൂടിയാണ് ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ് നടക്കുന്നത്. പ്രതികളുമായി ബന്ധപ്പെട്ട മേഖലകളിലെല്ലാം പരിശോധന തുടരുകയാണ്. കേസിലെ ഒരു പ്രതിയുടെ ഭാര്യവീട് സ്ഥിതിചെയ്യുന്ന വണ്ടൂരിൽ ഉൾപ്പെടെ റെയ്ഡ് നടക്കുന്നുണ്ട്.ഈ സ്ഫോടകവസ്തുക്കൾ ക്വാറിയിലേക്കെന്നാണ് അന്ന് കരുതിയിരുന്നത്. എന്നാൽ കൂടുതൽ പരിശോധനകളിലേക്ക് കടക്കുകയാണ് എൻഐഎ. മുക്കം സ്വദേശി ഹാരിസിന്റെ വീട്ടിലും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ബ്രിക്സ് എന്ന സ്ഥാപനത്തിലും പരിശോധന നടത്തുന്നുണ്ട്. കേസിൽ ഹാരിസും പ്രതിയായിരുന്നു. കൂടുതൽ അളവിൽ സ്ഫോടകവസ്തുക്കൾ കടത്തിയതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ തേടിയാണ് അന്വേഷണ സംഘമെത്തിയിട്ടുള്ളത്. സ്ഥാപനത്തിൽ നിന്നും നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് എൻഐഎ സംഘം കരുതുന്നത്.