രാജവെമ്പാല കീഴടങ്ങി എങ്കിലും വാവയ്ക്ക് സമൂഹമാധ്യമങ്ങളില്‍ പൊങ്കാല
vavasuresh kongcobra

പത്തനംതിട്ട: രാജവെമ്പാലയെ പിടിക്കുവാന്‍ ഇറങ്ങിയ വാവാ സുരേഷിന് സമൂഹമാധ്യമങ്ങളില്‍ പൊങ്കാല. സുരക്ഷാ ഉപകരണങ്ങളൊന്നും ഇല്ലാതെ വെറും കാലിചാക്കുമായെത്തി രാജവെമ്പാലയെ സാഹസികമായി പിടികൂടുന്ന വാവയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് വിമര്‍ശനങ്ങളും ട്രോളുകളുമിറങ്ങിയത്. നേരത്തെ മൂര്‍ഖന്റെ കടിയേറ്റ് മരണത്തിന്റെ വാതില്‍ക്കല്‍വരെയെത്തി തിരികെ ജീവതത്തിലേയ്ക്ക്് മടങ്ങിയ വാവ സാഹസിക പാമ്പ് പിടിത്തം നിര്‍ത്തുകയാണെന്നും ശ്രദ്ധ കൂടുതല്‍ നല്‍കുമെന്ന് പറയുകയും ചെയ്തു. എന്നാല്‍ ഒരു കടികൊണ്ടൊന്നും പഠിക്കുകയില്ലെന്ന വിമര്‍ശനമാണ് വാവയ്ക്ക് നേരെ ഉയരുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചാണ് വാവ സുരേഷിനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്. ആശുപത്രി കിടക്കയില്‍ വച്ച് ഇനി സുരക്ഷിതമായി പാമ്പു പിടിക്കുമെന്ന് വാവ സുരേഷ് മന്ത്രി വിഎന്‍ വാസവനോട് ഉറപ്പ് നല്‍കിയിരുന്നു. വീണ്ടും ഷോയുമായി ഇറങ്ങിയ വാവ സുരേഷിന്റെ ഇത്തരം നിരുത്തരവാദപരമായ നടപടിക്ക് മന്ത്രിമാരെങ്കിലും കയ്യടിക്കരുതെന്നടക്കമുള്ള വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.
