നിർമിതബുദ്ധി ക്യാമറകൾ പണി തുടങ്ങി
30 ദിവസത്തിനകം പിഴ അടച്ചില്ലെങ്കിൽ കോടതിയിലേക്ക്
ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി പിഴ ഈടാക്കുന്നതിന് 'നിർമിതബുദ്ധി' ഉപയോഗിച്ച് പ്രവർത്തിക്കുന്ന ക്യാമറകൾ ഏറണാകുളം ജില്ലയിൽ പ്രവർത്തിച്ചുതുടങ്ങി.
അടുത്തദിവസം മുതൽ നിയമലംഘനങ്ങൾക്കുള്ള പിഴ, ചിത്രങ്ങൾ ഉൾപ്പെടെ വാഹന ഉടമകളുടെ പേരിൽ നോട്ടീസ് ആയി ലഭിക്കും. മോട്ടോർവാഹന വകുപ്പിന്റെയും പോലീസിന്റെയും നിലവിലുള്ള നിരീക്ഷണ ക്യാമറകൾക്ക് പുറമേയാണ് പുതിയവ സ്ഥാപിച്ചത്. ഇതിൽ പ്രോഗ്രാം ചെയ്തിട്ടുള്ള നിയമ ലംഘനങ്ങൾ കണ്ടാൽ ചിത്രം പകർത്തും. രാത്രിയിലും പകലും ഒരുപോലെ പ്രവർത്തിക്കും. നിയമ ലംഘനങ്ങളുടെ ദൃശ്യങ്ങൾ പകർത്തി അപ്പോൾത്തന്നെ കൺട്രോൾ റൂമിലേക്ക് അയയ്ക്കും.
പിഴ ഓൺലൈൻ വഴി അടയ്ക്കണം. അക്ഷയ കേന്ദ്രങ്ങൾ വഴിയും പിഴ അടയ്ക്കാൻ സൗകര്യമുണ്ട്. പിഴ 30 ദിവസത്തിനകം അടച്ചില്ലെങ്കിൽ മോട്ടോർവാഹന വകുപ്പ് കേസ് കോടതിയിലേക്ക് കൈമാറും. അപ്പോൾ കേന്ദ്ര നിയമപ്രകാരമുള്ള ഇരട്ടി തുക കോടതിയിൽ അടയ്ക്കേണ്ടിവരും.
പിഴ ഇങ്ങനെ
ഹെൽമറ്റില്ലാതെ ബൈക്ക് ഓടിച്ചാൽ 500 രൂപ. ഹെൽമറ്റില്ലാതെ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്താൽ 500 രൂപ. മൂന്നുപേർ ബൈക്കിൽ യാത്ര ചെയ്താൽ 1,000 രൂപ. (4 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടിയെ യാത്രക്കാരനായി പരിഗണിക്കും). വാഹന യാത്രയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 2,000 രൂപ. സീറ്റ് ബെൽറ്റ് ഇടാതെ വാഹനം ഓടിച്ചാൽ 500 രൂപ. നിയമവിധേയമല്ലാതെ ക്രാഷ് ഗാർഡ്, എക്സ്ട്രാ ഫിറ്റിങ്സ് എന്നിവ കണ്ടെത്തിയാൽ 5,000 രൂപ. അപകടകരമായ വിധം വാഹനത്തിന് പുറത്തേക്ക് തള്ളിനിൽക്കുന്നവിധം ലോഡ് കയറ്റിയാൽ 20,000 രൂപ.